'ഓപ്പറേഷൻ ഗംഗ'യിൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ സാധിക്കുന്നത് അനുഗ്രഹമായി കരുതുന്നുവെന്ന് നടി ഭാഗ്യശ്രീ ബോർസെ. ചിത്രീകരണ സമയത്ത് നടനിൽ നിന്നും പലതും പഠിക്കാൻ സാധിച്ചുവെന്ന് ഭാഗ്യശ്രീ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മോഹൻലാലിനൊപ്പമുള്ള ചിത്രവും നടി പങ്കുവച്ചു.
"പ്രിയപ്പെട്ട മോഹൻലാൽ സർ, അങ്ങയോടൊപ്പം അഭിനയിക്കാൻ സാധിക്കുന്നത് ഒരു അനുഗ്രഹമായി കരുതുന്നു. ഷൂട്ടിന്റെ ഓരോ ദിവസവും അങ്ങയുടെ കണ്ണുകളിലൂടെ സിനിമയെ കാണാനും, അങ്ങയിൽ നിന്ന് പലതും പഠിക്കാനും എനിക്ക് സാധിക്കുന്നുണ്ട്.. താങ്കൾ അസാധാരണ കഴിവുള്ള ഒരു കലാകാരനാണ് ," ഭാഗ്യശ്രീ ബോർസെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന 'ഓപ്പറേഷൻ ഗംഗ'യുടെ രചനയും സംവിധാനവും നിർവഹിക്കുന്നത് വിഷ്ണു മോഹനാണ്. മെഗാ ബജറ്റിൽ വമ്പൻ കാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. റഷ്യ-യുക്രെയ്‌ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ തന്ത്രപ്രധാനമായ രക്ഷാദൗത്യമാണ് ‘ഓപ്പറേഷൻ ഗംഗ’. ഇതാണ് സിനിമയുടെ പശ്ചാത്തലം. പോളണ്ട്, ജോർജിയ, കസാക്കിസ്ഥാൻ, ഡൽഹി, ഡെറാഡൂൺ, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ ചിത്രീകരണമാണ് ചിത്രത്തിനായി പ്ലാൻ ചെയ്തിരിക്കുന്നത്.
അർജുൻ രാംപാൽ, ആദിൽ ഹുസൈൻ, പാർത്ഥിപൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പാൻ-ഇന്ത്യൻ ചിത്രം ‘ധുരന്ധറി'ന്റെ സംഗീതം ഒരുക്കിയ ശാശ്വത് സച്ച്ദേവ് ‘ഓപ്പറേഷൻ ഗംഗ’യുടെ സംഗീത സംവിധായകൻ. ‘പുഷ്പ 1’, ‘പുഷ്പ 2’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ മിറോസ്ലാവ് കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ‘ധുരന്ധർ’, ‘കിൽ’ എന്നീ ചിത്രങ്ങളുടെ ആക്ഷൻ ഡയറക്ടർ സീ യങ് ഓയും ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.
‘ഗോട്ട്’, ‘മെയ്യഴകൻ’, ‘അമരൻ’, ‘കത്തനാർ’ തുടങ്ങിയ ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായ രാജീവൻ, എഡിറ്റർ ഷമീർ മുഹമ്മദ്, ‘ധുരന്ധർ’, ‘ഉറി’, ‘ത്രീ ഇഡിയറ്റ്സ്’, ‘പദ്മാവത്’ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച സൗണ്ട് ഡിസൈനർ ബിഷ്വദീപ് ചാറ്റർജി, ‘കാന്താര’യുടെ വിഎഫ്എക്സ് സൂപ്പർവൈസർ കെ.വി. സഞ്ജിത്, ‘സഫേദ് സാഗർ’, ‘ബോർഡർ 2’, ‘ഫൈറ്റർ’ തുടങ്ങിയ ചിത്രങ്ങളിൽ മിലിട്ടറി അഡ്വൈസറായി പ്രവർത്തിച്ച സ്ക്വാഡ്രൻ ലീഡർ വെർലിൻ പൻവർ, 'ലോക' കോസ്റ്റ്യൂം ഡയറക്ടർ മെൽവി ജെ, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ തുടങ്ങിയ പ്രമുഖ സാങ്കേതിക പ്രവർത്തകരും ‘ഓപ്പറേഷൻ ഗംഗ’യുടെ ഭാഗമാകുന്നുണ്ട്.