MOVIES

'സ്ത്രീ പുരുഷന്‍ എന്നുള്ളതല്ല'; സിനിമ പുരുഷകേന്ദ്രീകൃതമാകുന്നതിനെ കുറിച്ച് ബോളിവുഡ് താരം ഷര്‍വരി

അസിസ്റ്റന്റ് ഡയറക്ടര്‍ ആയാണ് ഷര്‍വരി തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


സിനിമ മേഖല കൂടുതലായും പുരുഷ കേന്ദ്രീകൃതമാകുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് ബോളിവുഡ് താരം ഷര്‍വരി. 'സ്ത്രീ പുരുഷന്‍ എന്നുള്ളതല്ല. സിനിമയുടെ ആവശ്യമെന്താണ് എന്നതാണ് പ്രധാനം. പിന്നെ കഥാപാത്രങ്ങള്‍ എങ്ങനെയാണ് എഴുതിയിരിക്കുന്നത് എന്നതും. തിരക്കഥ എന്ത് ആവശ്യപ്പെടുന്നുവോ അത് നല്‍കുക എന്നതാണ് കാര്യം. അപ്പോളാണ് പ്രേക്ഷകര്‍ യഥാര്‍ഥത്തില്‍ കണക്ട് ആവുകയുള്ളു', ഷര്‍വരി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്.

നിലവില്‍ ഷൂട്ടിംഗ് നടക്കുന്ന തന്റെ സ്‌പൈ ത്രില്ലര്‍ ആല്‍ഫയെ കുറിച്ചും ഷര്‍വരി സംസാരിച്ചു. 'ആദ്യമായാണ് ഇങ്ങനെയൊരു സിനിമ ഉണ്ടാകുന്നത്. യഷ് രാജ് സ്‌പൈ യൂണിവേഴ്‌സില്‍ രണ്ട് സ്ത്രീകള്‍ കേന്ദ്ര കഥാപാത്രമാകുന്നു. വളരെ മികച്ച ആക്ഷന്‍ സീക്വന്‍സുകളാണ് സിനിമയില്‍ ഉള്ളത്. തീര്‍ച്ചയായും ആകാംഷ നിറഞ്ഞതായിരിക്കും സിനിമ', ഷര്‍വരി പറഞ്ഞു.

യഷ് രാജ് ഫിലിംസിന്റെ ക്രൈം കോമഡിയായ ബണ്ടി ഓര്‍ ബബ്ലി 2 എന്ന ചിത്രത്തിലൂടെയാണ് ഷര്‍വരി ബോളിവുഡിലേക്ക് അരംങ്ങേറുന്നത്. 'എന്റെ തുടക്കം യഷ് രാജ് ഫിലിംസിലൂടെയാണ്. ആദി സര്‍ (ആദിത്യ ചോപ്ര) എന്റെ മെന്റര്‍ ആണ്. ഞാന്‍ എന്തെങ്കിലും പ്രതിസന്ധിയില്‍ ആണെങ്കില്‍ ആദി സാറിന്റെ ഉപദേശത്തിനായി ഞാന്‍ കാത്തിരിക്കും', എന്നും താരം കൂട്ടിച്ചേര്‍ത്തു.

അസിസ്റ്റന്റ് ഡയറക്ടര്‍ ആയാണ് ഷര്‍വരി തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. പ്യാര്‍ കാ പഞ്ചനാമാ 2, ബാജിറാവു മസ്താനി, സോനു കേ ടീറ്റു കി സ്വീറ്റി എന്നീ ചിത്രങ്ങളുടെ സഹ സംവിധായികയായിരുന്നു. 'ക്യാമറയുടെ പിന്നില്‍ നിന്നുകൊണ്ട് എനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി. ആ അറിവാണ് എന്റെ നിലവിലെ കരിയറിനെ ഷെയിപ്പ് ചെയ്തത്', ഷര്‍വരി വ്യക്തമാക്കി.









SCROLL FOR NEXT