MOVIES

കേരളത്തോട് നമസ്‌കാരം പറഞ്ഞ് തുടക്കം; സിദ്ദാര്‍ത്ഥ് മല്‍ഹോത്ര-ജാന്‍വി കപൂര്‍ ചിത്രം പരംസുന്ദരി ആരംഭിച്ചു

കഴിഞ്ഞ ദിവസം സിദ്ദാര്‍ത്ഥ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ കേരളത്തില്‍ ചിത്രീകരണം ആരംഭിച്ച വിവരം പങ്കുവെച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്



ബോളിവുഡ് താരങ്ങളായ സിദ്ദാര്‍ത്ഥ് മല്‍ഹോത്ര, ജാന്‍വി കപൂര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന പുതിയ ചിത്രം പരംസുന്ദരിയുടെ ചിത്രീകരണം ആരംഭിച്ചു. കേരളത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. നടന്‍ സിദ്ദാര്‍ത്ഥ് മല്‍ഹോത്ര ഷൂട്ടിംഗിനായി കേരളത്തില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സിദ്ദാര്‍ത്ഥ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ കേരളത്തില്‍ ചിത്രീകരണം ആരംഭിച്ച വിവരം പങ്കുവെച്ചിരുന്നു.

നമസ്‌കാരം കേരളം എന്ന ടാഗ്‌ലൈനോടെ ഒരു വെള്ളച്ചാട്ടത്തിന്റെ വീഡിയോയാണ് താരം പങ്കുവെച്ചത്. ജാന്‍വി കപൂറും താരത്തിനൊപ്പം ചിത്രീകരണത്തിനായി കേരളത്തില്‍ എത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

തുഷാര്‍ ജലോട്ട സംവിധാനം ചെയ്യുന്ന പരംസുന്ദരി ഒരു ലൗ സ്റ്റോറിയാണ്. മാഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേഷ് വിജനാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു നോര്‍ത്ത് ഇന്ത്യന്‍ യുവാവ് സൗത്ത് ഇന്ത്യന്‍ യുവതിയുമായി പ്രണയത്തിലാകുന്നതാണ് കഥ. കേരളമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കോമഡി-റോം കോം ചിത്രമായിരിക്കും പരംസുന്ദരിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


അതേസമയം നിര്‍മാതാവ് ദിനേഷ് വിജന്‍ പരംസുന്ദരി മണിരത്‌നത്തിനുള്ള ഒരു ട്രിബ്യൂട്ടായാണ് കണക്കാക്കുന്നത്. ദിനേഷ് വിവേക് ഒബ്രോയ്-രാണി മുഖര്‍ജി ചിത്രമായ സാത്തിയയുമായി പരംസുന്ദരിയെ താരതമ്യം ചെയ്തിരുന്നു.

സാഗര്‍ അംബ്രേ സംവിധാനം ചെയ്ത യോദ്ധയിലാണ് സിദ്ദാര്‍ത്ഥ് അവസാനമായി അഭിനയിച്ചത്. കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരം റൊമാന്റിക് ചിത്രങ്ങളില്‍ നിന്ന് ഒരിടവേളയെടുത്തിരിക്കുകയായിരുന്നു. എന്നാല്‍ 2025 താരം തുടങ്ങാന്‍ പോകുന്നത് തന്നെ റോം കോമിലാണ്.


SCROLL FOR NEXT