ആദിത്യ ധർ ചിത്രം 'ധുരന്ധർ 2'വിനെ പ്രശംസിച്ച് ബോളിവുഡ് നടൻ അനുപം ഖേർ. മികവുറ്റ സിനിമ മാത്രമല്ല ഒരു വികാരവും അനുഭവവും കൂടിയാണ് 'ധുരന്ധർ: ദ റിവഞ്ച്' എന്നാണ് നടൻ അഭിപ്രായപ്പെട്ടത്. മാർച്ച് 19ന് റിലീസ് ആയ ചിത്രത്തിന് മികച്ച കളക്ഷനാണ് ആഗോളതലത്തിൽ ലഭിക്കുന്നത്.
"ധുരന്ധർ 2 അതിഗംഭീരം! ആദിത്യ ധർ ഒരു റോക്ക്സ്റ്റാർ തന്നെ! ചിലപ്പോഴൊക്കെ വാക്കുകൾക്ക് പരിമിതികളുണ്ട്.
നിങ്ങൾ ഒരു സിനിമ കണ്ട് പുറത്തിറങ്ങുമ്പോൾ, ഉള്ളിലുണ്ടാകുന്ന ആ നിശബ്ദത എല്ലാം പറയുന്നുണ്ടാകും, എന്നാൽ ഒന്നും വിവരിക്കാൻ കഴിയുന്നുണ്ടാകില്ല. 'ധുരന്ധർ' കണ്ടപ്പോൾ എനിക്ക് തോന്നിയത് അതാണ്. ഇതൊരു സിനിമ മാത്രമല്ല, ഇതൊരു അനുഭവമാണ്. ഒരു വികാരം. നിശബ്ദമായി നമ്മുടെ ഹൃദയത്തിലേക്ക് കടന്നുവന്ന് അവിടെത്തന്നെ തങ്ങിനിൽക്കുന്ന ഒരു യാത്ര. ധുരന്ധറിലെ ചില നിമിഷങ്ങൾ വെറുമൊരു കാഴ്ചയല്ല—തിയേറ്ററിലെ ലൈറ്റുകൾ തെളിഞ്ഞുകഴിഞ്ഞാലും ആ ദൃശ്യങ്ങൾ നിങ്ങളോടൊപ്പമുണ്ടാകും.
ഈ പോസ്റ്റിനൊപ്പമുള്ള വീഡിയോയിൽ എന്റെ വികാരങ്ങൾ പങ്കുവയ്ക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്... പക്ഷേ സത്യം പറഞ്ഞാൽ എനിക്ക് ഇതിനെക്കുറിച്ച് എത്ര വേണമെങ്കിലും സംസാരിക്കാൻ തോന്നി. കാരണം ചില കഥകൾ വിവരിക്കാനുള്ളതല്ല, അനുഭവിച്ചറിയേണ്ടവയാണ്. ധുരന്ധർ അത്തരമൊരു കഥയാണ്.
ഇത്രയും കരുത്തുറ്റതും മാന്ത്രികവും ഹൃദയസ്പർശിയുമായ ഒരു ചിത്രം സൃഷ്ടിച്ച ഇതിന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ഇത് കാണുക, അനുഭവിച്ചറിയുക. ഇതിലെ സഞ്ജയ് ദത്തിന്റെ പ്രകടനം ഉജ്ജ്വലമാണ്! ഓരോ 'ഇന്ത്യക്കാരനും' ഈ സിനിമയിൽ അഭിമാനിക്കും. ജയ് ഹിന്ദ്!," എന്നാണ് അനുപം ഖേർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
'ധുരന്ധർ' നായകൻ രൺവീർ സിംഗ് അനുപം ഖേറിന് കമന്റിലൂടെ നന്ദി അറിയിച്ചു. "സർ, ഇത് കണ്ടപ്പോൾ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. നിങ്ങളുടെ കല കണ്ടും അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുമാണ് ഞാൻ വളർന്നത്. നിങ്ങളെപ്പോലൊരാൾ ഇങ്ങനെ പറയുന്നത് എനിക്ക് വളരെ വലിയൊരു കാര്യമാണ്. നിങ്ങൾക്ക് എന്റെ കോടി കോടി പ്രണാമം സർ," എന്നാണ് രൺവീർ കുറിച്ചത്.
അതേസമയം,'ധുരന്ധർ 2' ആഗോളതലത്തിൽ കുതിപ്പ് തുടരുകയാണ്. റിലീസ് ആയി മൂന്ന് ദിനം പിന്നിടുമ്പോൾ സിനിമ ആഗോളതലത്തിൽ 500 കോടി ക്ലബിൽ ഇടംപിടിച്ചു കഴിഞ്ഞു. പെയ്‌ഡ് പ്രിവ്യൂ ഷോകളുടെ കളക്ഷൻ കൂട്ടാതെയാണ് ഈ നേട്ടം. നിലവിലെ ട്രെൻഡ് അനുസരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ റെക്കോർഡുകൾ ഈ ചിത്രം തകർക്കുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്.
ആദിത്യ ധർ ആണ് 'ധുരന്ധർ: ദ റിവഞ്ചി'ന്റെ രചനയും സംവിധാനവും. ബി62 സ്റ്റുഡിയോ നിർമിച്ച ചിത്രം ജിയോ സ്റ്റുഡിയോ ആണ് അവതരിപ്പിക്കുന്നത്. രൺവീർ സിംഗിനൊപ്പം അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ, അക്ഷയ് ഖന്ന, സാറ അർജുൻ, രാകേഷ് ബേദി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.