ശ്രീദേവി, ബോണി കപൂർ Source : X
MOVIES

ശ്രീദേവിയുടെ സ്വത്തില്‍ ചിലര്‍ അവകാശവാദം ഉന്നയിക്കുന്നു; കോടതിയെ സമീപിച്ച് ഭര്‍ത്താവ് ബോണി കപൂര്‍

മൂന്ന് വ്യക്തികളും വഞ്ചനാ ശ്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബോണി കപൂര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

അന്തരിച്ച നടി ശ്രീദേവിയുടെ ചെന്നൈ ഫാം ഹൗസിന്റെ ഉടമസ്ഥാവകാശം നിയമവിരുദ്ധമായി മൂന്ന് വ്യക്തികള്‍ അവകാശപ്പെടുന്നുവെന്ന് ആരോപിച്ച് നടിയുടെ ഭര്‍ത്താവും നിര്‍മാതാവുമായി ബോണി കപൂര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. മൂന്ന് വ്യക്തികളും വഞ്ചനാ ശ്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബോണി കപൂര്‍ ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡില്‍ സ്ഥിതി ചെയ്യുന്ന തര്‍ക്കഭൂമി 1988 ഏപ്രില്‍ 19ന് ശ്രീദേവി എംസി സംബന്ധ മുദലിയാര്‍ എന്ന വ്യക്തിയില്‍ നിന്നും വാങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഒരു സ്ത്രീയും അവരുടെ രണ്ട് ആണ്‍ മക്കളും അടുത്തിടെ ഭൂമിയുടെ മേല്‍ നിമപരമായി അവകാശം സ്ഥാപിക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്ന് ബോണി കപൂര്‍ പറയുന്നു. മുദലിയാറിന്റെ ഒരു മകന്റെ രണ്ടാമത്തെ ഭാര്യയാണ് താനെന്നും 1975ല്‍ അയാളെ വിവാഹം കഴിച്ചെന്നും സ്ത്രീ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ അയാളുടെ ആദ്യ ഭാര്യ 1999 വരെ ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്ന് വാദിച്ചുകൊണ്ട് ബോണി കപൂര്‍ ആ അവകാശവാദത്തെ നിയമപരമായി വെല്ലുവിളിച്ചു.

അതോടൊപ്പം മൂന്ന് വ്യക്തികള്‍ക്കും നിയമപരമായ അവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയ താംബരം താലൂക്ക് തഹസില്‍ദാരുടെ അധികാരപരിധിയെയും ബോണി ചോദ്യം ചെയ്തു. സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും ഉടമസ്ഥാവകാശ കൈമാറ്റം തടയാനും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷ്, വിഷയം പരിശോധിച്ച് നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാന്‍ താംബരം തഹസില്‍ദാരോട് നിര്‍ദ്ദേശിച്ചു.

ഈസ്റ്റ് കോസ്റ്റ് റോഡിലെ ഫാം ഹൗസ് ബോണി കപൂറിനും മക്കളായ ജാന്‍വിക്കും ഖുശിക്കും വൈകാരികമായ ബന്ധമുള്ളതാണ്.

SCROLL FOR NEXT