MOVIES

ഡേവിഡ് കോശിയും റോയ്‌സ് തോമസും; ബോഗയ്ന്‍വില്ലയിലെ കഥാപാത്രങ്ങളായി ഫഹദും ചാക്കോച്ചനും

ഒക്ടോബര്‍ 17നാണ് ബോഗയ്ന്‍വില്ല തിയേറ്ററിലെത്തുന്നത്

Author : ന്യൂസ് ഡെസ്ക്


അമല്‍ നീരദ് ചിത്രമായ ബോഗയ്ന്‍വില്ലയിലെ ഫഹദ് ഫാസിലിന്റെയും കുഞ്ചാക്കോ ബോബന്റെയും കഥാപാത്രങ്ങളുടെ പേരുകള്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ഡേവിഡ് കോശി എന്ന കഥാപാത്രമായി ഫഹദ് എത്തുമ്പോള്‍ റോയ്‌സ് തോമസ് എന്ന കഥാപാത്രത്തെ ചാക്കോച്ചന്‍ അവതരിപ്പിക്കും. നേരത്തെ ഇരുവരുടെയും പോസ്റ്ററുകള്‍ പുറത്തുവന്നിരുന്നെങ്കിലും കഥാപാത്രങ്ങളുടെ പേര് പുറത്തുവിട്ടിരുന്നില്ല.

ഒക്ടോബര്‍ 17നാണ് ബോഗയ്ന്‍വില്ല തിയേറ്ററിലെത്തുന്നത്. ചിത്രത്തില്‍ ജ്യോതിര്‍മയിയും കേന്ദ്ര കഥാപാത്രമാണ്. ഒരിടവേളയ്ക്ക് ശേഷം ജ്യോതിര്‍മയി അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്ന സിനിമയാണിത്. ചിത്രത്തിലെ ജ്യോതിര്‍മയി അഭിനയിച്ച സ്തുതി, മറവികളെ എന്ന ഗാനങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ വൈറലാണ്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവര്‍ക്ക് പുറമെ ഷറഫുദ്ദീന്‍, സൃന്ദ, വീണ നന്ദകുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗ് നിര്‍വഹിക്കും. ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. 'ഭീഷ്മപര്‍വ്വ'ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'ബോഗയ്ന്‍വില്ല'.






SCROLL FOR NEXT