MOVIES

രായനോ ? ഡെഡ്‌പൂളോ ? ആദ്യദിന കളക്ഷനില്‍ ആരാണ് മുന്നില്‍

ധനുഷിന്‍റെ കരിയറിലെ 50-ാം സിനിമയാണ് രായന്‍. ഡെഡ്‌പൂൾ ലൈവ്-ആക്ഷൻ ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമാണ് ഷോൺ ലെവി സംവിധാനം ചെയ്ത ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ

Author : ന്യൂസ് ഡെസ്ക്

ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച തുടക്കവുമായി ധനുഷിന്‍റെ രായനും ഹോളിവുഡ് ചിത്രം ഡെഡ്‌പൂള്‍ ആന്‍ഡ് വോള്‍വെറിനും. ക്യാപ്റ്റന്‍ മില്ലറിന് ശേഷം ഈ വര്‍ഷം റിലീസാകുന്ന ധനുഷിന്‍റെ രണ്ടാമത്തെ ചിത്രമായ രായന്‍ ആദ്യ ദിന കളക്ഷനില്‍ ഇന്ത്യയില്‍ നിന്ന് 12.50 കോടി രൂപയാണ് നേടിയത്. കരിയറിലെ 50-ാം സിനിമയായ രായന്‍ ധനുഷ് തന്നെയാണ് സംവിധാനം ചെയ്തിരിക്കുന്നത്. തമിഴ്നാട് മേഖലയില്‍ 58.65 ശതമാനം സീറ്റ് ഒക്യുപെന്‍സിയാണ് ആദ്യദിനം സിനിമയ്ക്ക് ലഭിച്ചത്. യുഎഇ, സിംഗപൂര്‍, മലേഷ്യ എന്നിവിടങ്ങളിലും മികച്ച പ്രതികരണമാണ് രായന് ലഭിച്ചത്. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിച്ച ചിത്രത്തിന് എ.ആര്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയായി ഒരുക്കിയിരിക്കുന്ന സിനിമയില്‍ സെല്‍വരാഘവന്‍, പ്രകാശ് രാജ്, എസ്.ജെ സൂര്യ, ദുഷാര വിജയന്‍, സുന്ദീപ് കിഷന്‍, കാളിദാസ് ജയറാം, അപര്‍ണാ ബാലമുരളി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്.

ആദ്യ ദിന കളക്ഷനില്‍ ധനുഷ് ചിത്രത്തെക്കാള്‍ മുകളിലാണ് മാര്‍വലിന്‍റെ ഡെഡ്‌പൂള്‍ ആന്‍ഡ് വോള്‍വറിന്‍റെ സ്ഥാനം. ഏകദേശം 22 കോടി രൂപയാണ് സിനിമ ഇന്ത്യയില്‍ നിന്ന് ആദ്യദിനം നേടിയിരിക്കുന്നത്. ചിത്രത്തിൻ്റെ ഇം​ഗ്ലീഷ് പതിപ്പ് 11.7 കോടിരൂപയും ഹിന്ദി പതിപ്പ് 7.5 കോടിരൂപയും തെലുങ്ക്-തമിഴ് പതിപ്പുകൾ ഓരോ കോടി വീതവും സ്വന്തമാക്കിയിട്ടുണ്ട്. റയാൻ റെയ്‌നോൾഡ്‌സും ഹ്യൂ ജാക്ക്‌മാനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ തുടക്കത്തിലെ നല്‍കിയിരിക്കുന്നത്. ആക്ഷനും നര്‍മവും കൂടിചേര്‍ന്ന അവതരണം ആഗോള കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്. ഡെഡ്‌പൂൾ ലൈവ്-ആക്ഷൻ ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമാണ് ഷോൺ ലെവി സംവിധാനം ചെയ്ത 'ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ'.

SCROLL FOR NEXT