രക്ഷിത് ഷെട്ടി 
MOVIES

പകര്‍പ്പവകാശം ലംഘിച്ചെന്ന് ആരോപണം; കന്നട താരം രക്ഷിത് ഷെട്ടിക്കെതിരെ കേസ്

അനുവാദമില്ലാതെ ഗാനങ്ങള്‍ ഉപയോഗിച്ചു എന്ന് ആരോപിച്ച് എംആര്‍ടി മ്യൂസിക് കമ്പനി ഉടമ നവീന്‍ കുമാറാണ് പരാതി നല്‍കിയിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

കന്നട ചലച്ചിത്ര താരവും സംവിധായകനും നിര്‍മാതാവുമായ രക്ഷിത് ഷെട്ടിക്കെതിരെ പകര്‍പ്പവകാശ ലംഘനത്തിന് കേസ്. ബെംഗളൂരു യശ്വന്ത്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്. രക്ഷിത് ഷെട്ടി അഭിനയിക്കുകയും നിര്‍മിക്കുകയും ചെയ്ത ബാച്‍‌ലര്‍ പാര്‍ട്ടി എന്ന സിനിമയില്‍ അനുവാദമില്ലാതെ ഗാനങ്ങള്‍ ഉപയോഗിച്ചു എന്ന് ആരോപിച്ച് എംആര്‍ടി മ്യൂസിക് കമ്പനി ഉടമ നവീന്‍ കുമാറാണ് പരാതി നല്‍കിയിരിക്കുന്നത്.

തന്‍റെ സ്ഥാപനത്തിന്‍റെ ഉടമസ്ഥതയിലുള്ള ന്യായ എല്ലിഡെ (1982), ഗാലി മാതു (1981) എന്നീ സിനിമകളിലെ ഗാനങ്ങള്‍ പകര്‍പ്പവകാശം വാങ്ങാതെ രക്ഷിത് ഷെട്ടിയുടെ പരംവ സ്റ്റുഡിയോസ് നിര്‍മിച്ച ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നു എന്നാണ് പരാതി. പാട്ടുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരിയില്‍ രക്ഷിത് ഷെട്ടിയും പരാതിക്കാരനും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും ധാരണയായിരുന്നില്ല.

അഭിജിത്ത് മഹേഷ് സംവിധാനം ചെയ്ത ചിത്രം ജനുവരി 26നാണ് റിലീസ് ചെയ്തത്. മ്യൂസിക് കമ്പനി ഉടമയുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് രക്ഷിത് ഷെട്ടിയുടെ മൊഴിയെടുക്കുമെന്ന് അറിയിച്ചു.

SCROLL FOR NEXT