കൊച്ചി: ഷെയിന്‍ നിഗം സിനിമയുടെ റിലീസ് പ്രതിസന്ധിയിലാക്കി സെൻസർ ബോർഡ്. സിനിമയില്‍ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും പൊലീസിനെയും സ്റ്റേറ്റിനേയും തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്നതുമായ രംഗങ്ങളുണ്ടെന്നാണ് ബോർഡിന്റെ നിരീക്ഷണം. ചിത്രീകരണം പൂർത്തിയായ 'ഹാൽ' എന്ന ചിത്രത്തിലെ ഭാഗങ്ങളാണ് സെൻസർ ബോർഡ് കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടത്.
ഷൈൻ നിഗം നായകനായ ചിത്രത്തിൻ്റെ റിലീസ് മൂന്ന് തവണയാണ് മാറ്റിയത്. സെപ്റ്റംബർ മാസം ഒന്നിനാണ് ഹാൽ സിനിമ സെൻസറിനായി സമർപ്പിച്ചത്. സാധാരണ ഗതിയിൽ രണ്ടാഴ്ച കൊണ്ട് കിട്ടേണ്ട സെൻസർ സർട്ടിഫിക്കറ്റ് അതിലുമേറെ നീണ്ടതുകൊണ്ടാണ് മുമ്പ് മൂന്ന് തവണ നിശ്ചയിച്ച റിലീസ് മാറ്റിവയ്‌ക്കേണ്ടിവന്നത്. വെറും മൂന്ന് മ്യൂട്ടുകളോടെ സെൻസർ പൂർത്തിയായി എന്നറിയിച്ചത് പ്രകാരം വീണ്ടും റിലീസ് നിശ്ചയിച്ചെങ്കിലും റിവൈസിങ് കമ്മിറ്റിയുടെ അനുമതിക്കായി അയക്കുകയാണ് എന്നറിയിച്ചതോടെയാണ് ഒടുവിൽ റിലീസ് മുടങ്ങിയത്. റിവൈസിങ് കമ്മിറ്റിയുടെ സെൻസർ പൂർത്തിയായതോടെയാണ് വിചിത്രമായ കടുംവെട്ട് നിർദേശങ്ങൾ അണിയറപ്രവർത്തകർക്ക് കിട്ടുന്നത്. സിനിമയുടെ കഥാഗതിയെത്തന്നെ അട്ടിമറിക്കുന്ന ഏഴ് വെട്ടുകളാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്.
സിനിമയിലെ ധ്വജപ്രണാമം, ആഭ്യന്തര ശത്രുക്കള്‍, ഗണപതി വട്ടം, സംഘം കാവലുണ്ട് എന്നീ പ്രയോഗങ്ങള്‍ സാംസ്കാരിക സംഘടനകളെ താഴ്ത്തിക്കെട്ടുന്നതാണെന്നും അവ നീക്കണമെന്നുമാണ് റീജിയണല്‍ ഓഫീസർ നദീം തുഫേലിന്റെ നിർദേശം. ബീഫ് ബിരിയാണി കഴിക്കുന്ന സീന്‍ തന്നെ നീക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പൊലീസ് സ്കൂള്‍ കുട്ടികളെ ചോദ്യം ചെയ്യുന്ന രംഗം, സോങ് സീക്വന്‍സില്‍ നടി ഐഡന്റിന്റി മറയ്ക്കാന്‍ മുസ്ലീങ്ങളുടെ മതപരമായ വേഷം ധരിക്കുന്നത്, ക്രിസ്ത്യന്‍ മതവികാരത്തെ ഹനിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍, ബോർഡുകള്‍, സ്ഥാപനങ്ങള്‍ എന്നിവ നീക്കാനാണ് മറ്റ് നിർദേശങ്ങള്‍. പ്രത്യേക മതവിഭാഗങ്ങളോട് പൊലീസും സർക്കാരും വിവേചനപരമായ സമീപനം സ്വീകരിക്കുന്ന ഭാഗങ്ങള്‍ വരുന്നിടത്തെല്ലാം മാറ്റം വരുത്താനും നിർദേശമുണ്ട്. മാറ്റങ്ങള്‍ വരുത്തിയാല്‍ പോലും ചിത്രത്തിന് എ സർട്ടിഫിക്കറ്റ് മാത്രമേ അനുവദിക്കാന്‍ സാധിക്കൂ എന്നാണ് സെന്‍സർ ബോർഡിന്റെ നിലപാട്.
സിനിമയുടെ റിലീസ് അസാധ്യമാക്കുംവിധം കഠിനവും കർശനവും നീതിരഹിതവുമായ കട്ടുകളാണ് സെൻസർ ബോർഡ് നിർദേശിച്ചതെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചുവെന്നും സംവിധായകൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. ജെവിജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന 'ഹാലി'ന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. ഓര്‍ഡിനറി, മധുര നാരങ്ങ, തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിഷാദ് കോയ രചന നിര്‍വഹിക്കുന്ന സിനിമയാണ് 'ഹാല്‍'. പ്രമുഖ ബോളിവുഡ് ഗായകന്‍ ആത്തിഫ് അസ്ലം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത കൂടി ഹാലിനുണ്ട്. തിങ്ക് മ്യസിക്കാണ് മ്യൂസിക് പാര്‍ട്‌നര്‍.
മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് നന്ദഗോപന്‍ വി ആണ്. ക്യാമറ: രവി ചന്ദ്രന്‍, ആര്‍ട്ട് ഡയറക്ഷന്‍: പ്രശാന്ത് മാധവ്, നാഥന്‍, എഡിറ്റര്‍: ആകാശ് ജോസഫ് വര്‍ഗ്ഗീസ്, പ്രൊജക്റ്റ് ഡിസൈനര്‍: ഷംനാസ് എം അഷ്റഫ്, കോസ്റ്റ്യൂം ഡിസൈന്‍: ധന്യ ബാലകൃഷ്ണന്‍, സഞ്ജയ് ഗുപ്ത, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി.കെ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോറിയോഗ്രഫി: സാന്‍ഡി, ഷെരീഫ്, ദിനേശ് കുമാര്‍ മാസ്റ്റര്‍, ഗാനരചന: വിനായക് ശശികുമാര്‍, ബിന്‍സ്, മുത്തു, നീരജ് കുമാര്‍, മൃദുല്‍ മീര്‍, അബി, അസോ. ഡയറക്ടര്‍: മനീഷ് ഭാര്‍ഗ്ഗവന്‍, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍: ജിബു.ജെടിടി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, വിഎഫ്എക്‌സ്: മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈന്‍സ്: ടെന്‍ പോയിന്റ്, സ്റ്റില്‍സ്: എസ് ബി കെ ഷുഹൈബ്, ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍: ഫാര്‍സ് ഫിലിംസ്, പി ആര്‍ ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.