ആമിർ ഖാൻ ചിത്രം 'സിത്താരെ സമീൻ പറി'ന് U/A 13 + സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്. നേരത്തെ ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ആമിർ ഖാൻ സെൻസർ ബോർഡ് നിർദേശിച്ച ആദ്യ മാറ്റങ്ങൾ നിരസിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ബോർഡിന്റെ റിവൈസിംഗ് കമ്മിറ്റി അഞ്ച് പുതിയ മാറ്റങ്ങൾ നിർദേശിക്കുകയും നിർമാതാക്കളുമായി കൂടിക്കാഴ്ച്ച ചിത്രത്തിന് പ്രദർശനാനുമതി നൽകുകയും ചെയ്തു.
സിനിമിയിൽ ഏകദേശം അഞ്ച് മാറ്റങ്ങൾ വരുത്താൻ സെൻസർ ബോർഡ് നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നത്. 'ബിസിനസ് വുമൺ' എന്ന പദത്തിന് പകരം 'ബിസിനസ് പേഴ്‌സൺ' എന്ന പദം ഉപയോഗിക്കണമെന്നാണ് ആദ്യ മാറ്റം. രണ്ടാമത്തേത് 'മൈക്കിൾ ജാക്‌സൺ' എന്ന പദത്തിന് പകരമായി 'ലൗ ബേർഡ്‌സ്' എന്ന് ഉപയോഗിക്കാനാണ് പറഞ്ഞിരിക്കുന്നത്. അതുപോലെ 'കമൽ' (താമര) എന്ന വാക്ക് മാറ്റാനും നിർദേശിച്ചിട്ടുണ്ട്.
അവസാനമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ഉദ്ധരണി ചിത്രത്തിലെ ആദ്യ ഡിസ്‌ക്ലൈമറിൽ ചേർക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വോയിസ് ഓവറുള്ള പുതിയ ഡിസ്‌ക്ലൈമർ ചേർക്കാനും നിർദേശിച്ചു.
നിർമാതാക്കൾ എല്ലാ നിർദേശവും അംഗീകരിച്ചെന്നും ചിത്രത്തിന് 13+ U/A സെർട്ടിഫിക്കറ്റ് ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സിനിമയ്ക്ക് നിലവിൽ പ്രദർശനത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ 13 വയസിന് താഴെയുല്‌ള കുട്ടികൾക്ക് രക്ഷകർത്താക്കൾക്കൊപ്പമെ സിനിമ കാണാനാകൂ. അതുപോലെ തന്നെ രണ്ട് മണിക്കൂർ 38 മിനിറ്റ് 46 സെക്കൻഡ് ആണ് ചിത്രത്തിന്റെ ദൈർഘ്യം.