MOVIES

'അവര്‍ക്ക് വീഡിയോ ഉപയോഗിക്കാന്‍ അനുമതിയുണ്ട്'; നയന്‍താരയില്‍ നിന്ന് 5 കോടി ആവശ്യപ്പെട്ടിട്ടില്ലെന്ന് ചന്ദ്രമുഖി നിര്‍മാതാക്കള്‍

നയന്‍താരയുടെ ഡോക്യുമെന്ററിക്കെതിരെ നടന്‍ ധനുഷിന്റെ കമ്പനി രംഗത്തെത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്


ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കള്‍ നയന്‍താരയോട് അഞ്ച് കോടി ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ചന്ദ്രമുഖി നിര്‍മാതാക്കളായ ശിവാജി പ്രൊഡക്ഷന്‍സ്. നയന്‍താര no objection certificate (NOC) നിര്‍മാതാക്കളില്‍ നിന്നും വാങ്ങിയിട്ടുണ്ടെന്നാണ് അവര്‍ വ്യക്തമാക്കിയത്. തമിഴ് സിനിമ അനലിസ്റ്റ് മനോബാല വിജയബാലന്‍ എക്‌സില്‍ NOC പങ്കുവെച്ചു.

നയന്‍താരയുടെ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയായ 'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയിലില്‍' ചന്ദ്രമുഖിയിലെ ഫൂട്ടേജ് ഉപയോഗിക്കുന്നതില്‍ നിര്‍മാതാക്കളായ ശിവജി പ്രൊഡക്ഷന്‍സിന് എതിര്‍പ്പില്ലെന്നാണ് NOCയില്‍ പറഞ്ഞിരിക്കുന്നത്. റൗഡി പിക്‌ച്ചേഴ്‌സിന്, അതയായത് നയന്‍താരയുടെയും വിഗ്നേഷ് ശിവന്റെയും നിര്‍മാണ കമ്പനിക്ക് ഫൂട്ടേജ് ഡോക്യുമെന്ററിക്കായി ഉപയോഗിക്കാനുള്ള അനുമതി അവര്‍ നല്‍കിയിരുന്നു.

'റൗഡി പിക്‌ച്ചേഴ്‌സിന് ഈ ഫൂട്ടേജ് ഡോക്യുമെന്ററി ആവശ്യത്തിനായി ഉപയോഗിക്കാനും, വിതരണം ചെയ്യാനും അനുമതിയുണ്ട്', എന്നാണ് സെര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞിരിക്കുന്നത്. ശിവജി പ്രൊഡക്ഷന്‍ പുറത്തുവിട്ട NOC-യില്‍ പണം ആവശ്യപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ ഒന്നും തന്നെയില്ല. അതിനാല്‍ നിര്‍മാതാക്കള്‍ അഞ്ച് കോടി ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

രജനികാന്ത് നായകനായി 2005ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചന്ദ്രമുഖി. തമിഴില്‍ നയന്‍താരയുടെ രണ്ടാമത്തെ ചിത്രവുമായിരുന്നു ഇത്. രജനികാന്ത്, ജ്യോതിക, പ്രഭു തുടങ്ങി വന്‍ താരനിര തന്നെ അണിനിരന്ന ചിത്രത്തില്‍ നയന്‍താരയും പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചന്ദ്രമുഖിയില്‍ രജനികാന്തിന്റെ നായികയായിട്ടായിരുന്നു നയന്‍താര വേഷമിട്ടത്.

നേരത്തെ, നയന്‍താരയുടെ ഡോക്യുമെന്ററിക്കെതിരെ നടന്‍ ധനുഷിന്റെ കമ്പനിയും രംഗത്തെത്തിയിരുന്നു. ഇത് കോളിവുഡില്‍ വലിയ വിവാദമായിരുന്നു. നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ചായിരുന്നു പരാതി നല്‍കിയത്.

ചിത്രത്തിന്റെ നിര്‍മാതാവായ ധനുഷ് തടസം നിന്നതിനാലാണ് രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പ് ഡോക്യുമെന്ററിയുടെ റിലീസിനായി വേണ്ടി വന്നതെന്ന് നയന്‍താര പറഞ്ഞിരുന്നു. സംവിധായകന്‍ വിഗ്‌നേഷ് ശിവനും നയന്‍താരയും പ്രണയത്തിലാവുന്നത് നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ്. അതുകൊണ്ട് തന്നെ അതിലെ ദൃശ്യങ്ങളും ബിടിഎസ് ദൃശ്യങ്ങളും വളരെ പ്രധാനപ്പെട്ടതാണെന്നും നയന്‍താര നേരത്തെ പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞിരുന്നു.

SCROLL FOR NEXT