കിരണ്‍ റാവു സംവിധാനം ചെയ്ത ലാപത്താ ലേഡീസ് 2025 ഓസ്കാര്‍ അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷം അറിയിച്ച് നടി ഛായ കദം. ചിത്രത്തില്‍ മഞ്ജു മായി എന്ന കഥാപാത്രത്തെയാണ് ഛായ അവതരിപ്പിച്ചത്. 'ലാപത്താ ലേഡീസ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഗാധമായ സന്തോഷവും ആദരവും തോന്നുന്നു'എന്ന് ഛായ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു.
ഛായ അഭിനയിച്ച പായല്‍ കപാഡിയ സംവിധാനം ചെയ്ത'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ' എന്ന ചിത്രം ഫ്രാന്‍സിന്‍റെ എന്‍ട്രിയായി ഓസ്കാറിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണ് സിനിമയിലെ പ്രധാന വേഷങ്ങളില്‍. സിനിമയുടെ പ്രീമിയറിനായി പാരിസിലാണ് ഇപ്പോള്‍ ഛായ കദം.
ആമിര്‍ ഖാന്‍ നിര്‍മിച്ച ലാപത്ത ലേഡീസ് മാര്‍ച്ച് 1നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസ ലഭിച്ചിരുന്നു. നിതാന്‍ഷി ഗോയല്‍, പ്രതിഭ രന്ത, സ്പര്‍ശ് ശ്രീവാസ്തവ, ഛായ കദം, രവി കിഷന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ലാപത്താ ലേഡീസ് ഓസ്‌കാര്‍ എന്‍ട്രിയാവുക എന്നത് തന്റെ സ്വപ്‌നമാണെന്ന് കിരണ്‍ റാവു കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ഏപ്രില്‍ 26ന് ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തിരുന്നു.