'ടുഗെതർ' സിനിമയിലെ രംഗം 
MOVIES

സിനിമയിലെ സ്വവർഗ വിവാഹം എഐ ഉപയോഗിച്ച് മാറ്റി ചൈന; വിമർശനവുമായി വിതരണക്കാർ

എതിർ ലിംഗാനുരാഗ രൂപത്തിലേക്കാണ് ചിത്രത്തിൽ എഡിറ്റ് വരുത്തിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ചൈനയിൽ ഓസ്ട്രേലിയൻ സിനിമയിലെ സ്വവർഗാനുരാഗ ഉള്ളടക്കം ഡിജിറ്റലി മാറ്റം വരുത്തി പ്രദർശിപ്പിച്ച് ചൈനീസ് വിതരണക്കാർ. എതിർ ലിംഗാനുരാഗ രൂപത്തിലേക്ക് ആണ് ചിത്രത്തിൽ എഡിറ്റ് വരുത്തിയിരിക്കുന്നത്. 'ടുഗെതർ' എന്ന ബോഡി ഹൊറർ ചിത്രമാണ് ചൈനയിലെ തിയേറ്ററുകളിൽ എഡിറ്റ് ചെയ്ത് പ്രദർശിപ്പിച്ചത്.

ഈ മാസം ആദ്യം നടന്ന പ്രിവ്യൂ സ്ക്രീനിങ് കണ്ടവരാണ് സിനിമയിലെ മാറ്റം ശ്രദ്ധിച്ചത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സിനിമയിലെ ഒരു രംഗത്തില്‍ വിവാഹിതരാകുന്ന രണ്ട് പുരുഷന്മാരില്‍ ഒരാളെ സ്ത്രീയാക്കി മാറ്റിയെന്നാണ് ആരോപണം. സ്ക്രീനിങ്ങിനു ശേഷം സമൂഹമാധ്യമങ്ങളില്‍ സിനിമയിലെ യഥാർഥ രംഗം പ്രചരിച്ചതോടെയാണ് പലരും ഇങ്ങനെ ഒരു മാറ്റം വന്നതായി അറിഞ്ഞത്.

അനുമതിയില്ലാതെ സിനിമ എഡിറ്റ് ചെയ്തത് അനുവദിക്കില്ലെന്ന് 'ടുഗതറിന്റെ' ആഗോള വിതരണക്കാരായ നിയോണ്‍ അറിയിച്ചു. ചെങ്ദു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹിഷോ എന്ന ചൈനീസ് വിതരണക്കാരാണ് സിനിമയുടെ ഉള്ളടക്കത്തില്‍ സ്ക്രീനിങ്ങിന് മുന്‍പായി മാറ്റം വരുത്തിയത്.

ഓസ്ട്രേലിയന്‍ സംവിധായകനായ മൈക്കിള്‍ ഷാങ്ക്സ് ആണ് 'ടുഗെതർ' എഴുതി സംവിധാനം ചെയ്തത്. അമേരിക്കന്‍ അഭിനേതാക്കളായ അലിസണ്‍ ബ്രേയും ഡേവ് ഫ്രാങ്കോയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇവർ ഒരു ഗ്രാമ പ്രദേശത്തേക്ക് മാറി താമസിക്കുന്നതും തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് കഥ. സെപ്റ്റംബർ 19നാണ് സിനിമ ചൈനയില്‍ പ്രദർശനത്തിനെത്തുക. അതിന് മുന്നോടിയായ സെപ്റ്റംബർ 12 മുതലാണ് സിനിമയുടെ പ്രത്യേക സ്ക്രീനിങ് ആരംഭിച്ചത്.

ചൈനയില്‍ വിദേശ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് പ്രദർശിപ്പിക്കുന്ന ആദ്യം സംഭവമല്ലിത്. എന്നാല്‍ ഇതിനായി എഐയുടെ സഹായം തേടി ഒരു സീന്‍ മുഴുവനായും മാറ്റുന്നത് ആദ്യമായാണ്. 2021ല്‍ രാജ്യത്ത് സ്വവർഗാനുരാഗപരമായ ഉള്ളടക്കങ്ങള്‍ സ്ക്രീന്‍ ചെയ്യുന്നത് നിരോധിച്ചിരുന്നു. തുടർന്ന് 2022ല്‍ പ്രശസ്ത ടിവി ഷോ ആയ 'ഫ്രണ്ട്സില്‍' നിന്ന് എല്‍ജിബിടിക്യൂ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തതോടെയാണ് ഇത് ബഹുഭൂരിപക്ഷം കാണികളുടെയും ശ്രദ്ധയില്‍പ്പെട്ടത്. ഇതുകൂടാതെ ക്വീന്‍ ബാന്‍ഡിന്റെ മുഖമായ ഫ്രെഡി മെർക്കുറിയുടെ ജീവിത കഥ പറഞ്ഞ 'ബൊഹീമയന്‍ റാഫ്സഡി'യുടെ ചൈനീസ് പതിപ്പില്‍ നിന്നും രംഗങ്ങള്‍ എഡിറ്റ് ചെയ്തിരുന്നു.

SCROLL FOR NEXT