കാത്തിരുപ്പുകള്‍ക്കൊടുവില്‍ നടന്‍ ചിരഞ്ജീവി പ്രധാന വേഷത്തിലെത്തുന്ന വിശ്വംഭരയുടെ ടീസര്‍ റിലീസ് ചെയ്തു. താരത്തിന്റെ 70-ാം പിറന്നാളിന്റെ തൊട്ടുമുന്‍പാണ് ടീസര്‍ റിലീസ് ചെയ്തത്. മല്ലിഡി വശിഷ്ഠയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തൃഷ കൃഷ്ണ, കുനാല്‍ കപൂര്‍, ആഷിക രംഗനാഥ്, ഇഷ ചൗള എന്നിവരും വിശ്വംഭരയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.
ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഒരു ഫാന്റസി ആക്ഷന്‍ ഡ്രാമയുടെ സൂചനയാണ് നല്‍കുന്നത്. വിഎഫ്ക്‌സ് ജോലികള്‍ കാരണമാണ് ചിത്രത്തിന്റെ റിലീസ് വൈകിയത്. "വിശ്വംഭര റിലീസ് ചെയ്യാന്‍ എന്തിനാണ് സമയമെടുക്കുന്നതെന്ന പലരും ചോദിക്കുന്നുണ്ട്. ഈ കാലതാമസം ബോധപൂര്‍വം എടുത്ത തീരുമാനമാണ്. ചിത്രത്തിന്റെ രണ്ടാം പകുതി വിഎഫ്എക്‌സിനെ വളരെ അധികം ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ വിട്ടുവീഴ്ച്ചയില്ലാതെ ഉയര്‍ന്ന നിലവാരത്തില്‍ ചിത്രം നിങ്ങളിലേക്ക് എത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അത് ഉറപ്പാക്കാനാണ് റിലീസിന് അധികം സമയം എടുക്കുന്നത്", എന്ന് ചിരഞ്ജീവി ഒരു പ്രത്യേക വീഡിയോയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.
"എല്ലാവരിലുമുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്. അത് ആസ്വദിക്കാന്‍ വേനല്‍ക്കാലമല്ലാതെ മറ്റൊരു സീസണ്‍ വേറെയുണ്ടോ? 2026 വേനല്‍കാലത്ത് വിശ്വംഭര റിലീസ് ചെയ്യും. അതാണ് എന്റെ വാഗ്ദാനവും. ഈ സിനിമ കാണുക. ആസ്വദിക്കുക. നിങ്ങളുടെ അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുക", എന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.
അതേസമയം മെഗാ 157നാണ് ചിരഞ്ജീവിയുടെ വരാനിരിക്കുന്ന അടുത്ത ചിത്രം. അനില്‍ രവിപുഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. ഷൈന്‍ സ്‌ക്രീന്‍സു ഗോള്‍ഡ് ബോക്‌സ് എന്റര്‍ട്ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2026 സങ്ക്രാന്തിയില്‍ ചിത്രം തിയേറ്ററിലെത്തും.