thangalan 
MOVIES

വീണ്ടും ഞെട്ടിക്കാന്‍ വിക്രം; വിസ്മയിപ്പിച്ച് പാ രഞ്ജിത്തിന്‍റെ 'തങ്കലാന്‍' ട്രെയിലര്‍

ഗെറ്റപ്പുകൊണ്ടും പ്രകടനം കൊണ്ടും പ്രേക്ഷകനെ ഞെട്ടിക്കുന്ന രംഗങ്ങളാണ് ട്രെയിലറില്‍ ഉടനീളം കാണനാവുക

Author : ന്യൂസ് ഡെസ്ക്

തമിഴ് നടന്‍ ചിയാന്‍ വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍റെ ട്രെയിലര്‍ എത്തി. ഗെറ്റപ്പു കൊണ്ടും പ്രകടനം കൊണ്ടും പ്രേക്ഷകനെ ഞെട്ടിക്കുന്ന രംഗങ്ങളാണ് ട്രെയിലറില്‍ ഉടനീളം കാണനാവുക. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ കഥപറയുന്ന പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമാണ് തങ്കലാന്‍. സ്വര്‍ണഖനനത്തിനായി ബ്രിട്ടീഷുകാര്‍ ഒരു ഗ്രാമത്തിലേക്ക് വരുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ട്രെയിലറില്‍ കാണാന്‍ കഴിയുക.

പാര്‍വതി തിരുവോത്തും മാളവിക മോഹനനുമാണ് സിനിമയിലെ നായികമാര്‍. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. നച്ചത്തിരം നഗര്‍കിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍. പാ രഞ്ജിത്തും തമിഴ് പ്രഭുവും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

അഴകിയ പെരിയവന്‍ സംഭാഷണവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. എസ്.എസ്. മൂര്‍ത്തിയാണ് കലാസംവിധാനം. ജി.വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം. കെ.യു. ഉമാദേവി, അരിവ്, മൗനന്‍ യാത്രിഗന്‍ എന്നിവരുടേതാണ് വരികള്‍. നീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആഗസ്റ്റ് 15-ന് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തങ്കലാന്‍ തിയേറ്ററുകളിലെത്തും.

SCROLL FOR NEXT