മോഹന്‍ലാല്‍ Source : Facebook
MOVIES

ബോക്‌സ് ഓഫീസില്‍ തലയുടെ വിളയാട്ടം തുടരുന്നു; കളക്ഷന്‍ റിപ്പോര്‍ട്ടില്‍ കുതിച്ച് 'ഛോട്ടാ മുംബൈ'

പ്രമോഷനോ കൂടുതല്‍ സ്‌ക്രീനുകളോ ഇല്ലാതെ തന്നെ ചിത്രം ബോക്‌സ് ഓഫീസ് കളക്ഷനില്‍ കുതിച്ചുകൊണ്ടിരിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 'ഛോട്ടാ മുംബൈ' ജൂണ്‍ ആറിനാണ് തിയേറ്ററുകളില്‍ റീ റിലീസ് ചെയ്തത്. മലയാളി പ്രേക്ഷകര്‍ ആവേശത്തോടെയാണ് 'ഛോട്ടാ മുംബൈയെ' വരവേറ്റത്. അത് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനിലും പ്രതിഫലിച്ചിട്ടുണ്ട്. അധികം പ്രമോഷനോ സ്‌ക്രീനുകളോ ഇല്ലാതെ തന്നെ ചിത്രം ബോക്‌സ് ഓഫീസ് കളക്ഷനില്‍ കുതിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഓപ്പണിംഗ് ദിവസം ചിത്രം ആകെ 40 ലക്ഷമാണ് കളക്ട് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് 37 ലക്ഷവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മൂന്ന് ലക്ഷവുമാണ് ചിത്രം നേടിയത്. ഇതോടെ മലയാളത്തില്‍ റീ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഓപ്പണിംഗ് ദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രമായി 'ഛോട്ടാ മുംബൈ' മാറി. മോഹന്‍ലാലിന്റെ തന്നെ 'സ്പടികവും' 'മണിച്ചിത്രതാഴുമാണ്' ലിസ്റ്റിലെ ആദ്യ രണ്ട് ചിത്രങ്ങള്‍. അതേസമയം 'ഛോട്ടാ മുംബൈയ്ക്ക്' മറ്റ് സിനിമകള്‍ പോലെ വലിയൊരു റിലീസ് ആയിരുന്നില്ല ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഈ കണക്കുകള്‍ വളരെ പ്രധാനപ്പെട്ടതാണെന്നാണ് ഇന്‍ഡസ്ട്രി ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം രണ്ടാം ദിവസം ചിത്രത്തിനുള്ള തിരക്ക് വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളിലും മറ്റ് സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകളിലും പ്രേക്ഷകരുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാം ദിവസത്തെ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

അന്‍വര്‍ റഷീദ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മലയാളികള്‍ക്ക് ഒരു സിനിമ മാത്രമെ ലഭിച്ചിട്ടുള്ളൂ. എന്നിരുന്നാലും എക്കാലത്തെയും മികച്ച എന്റര്‍ട്ടെയിനര്‍ ആയിരുന്നു ഛോട്ടാ മുംബൈയിലൂടെ ഇരുവരും മലയാളത്തിന് സമ്മാനിച്ചത്. മോഹന്‍ലാലിനൊപ്പം വലിയ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. മോഹന്‍ലാല്‍ വാസ്‌കോ ഡ ഗാമ എന്ന തലയായി എത്തിയപ്പോള്‍ നടേശന്‍ എന്ന വില്ലനായി കലാഭവന്‍ മണിയും എത്തി. സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദവേ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയരാഘവന്‍, ബാബുരാജ്, സനുഷ, ഗീത വിജയന്‍, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോഗി, ബിജു പപ്പന്‍, കൊച്ചുപ്രേമന്‍, നിഷ സാരംഗ്, ഷക്കീല എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. ഭാവനയായിരുന്നു നായിക.

SCROLL FOR NEXT