ക്രിസ്റ്റഫർ നോളന്‍, ദി ഒഡീസി  Source : X
MOVIES

റിലീസ് 2026ല്‍, പക്ഷെ ടിക്കറ്റ് ഇപ്പോഴേ വിറ്റുതീര്‍ന്നു; തരംഗമായി ക്രിസ്റ്റഫര്‍ നോളന്റെ 'ദി ഒഡീസി'

മാറ്റ് ഡാമണ്‍, ടോം ഹോളണ്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം 2026 ജൂലൈ 17നാണ് റിലീസ് ചെയ്യുന്നത്.

Author : ന്യൂസ് ഡെസ്ക്

ഹോമറിന്റെ 'ദി ഒഡീസിയില്‍' നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ക്രിസ്റ്റര്‍ നോളന്‍ സംവിധാനം ചെയ്യുന്ന 'ദി ഒഡീസി' റിലീസ് ചെയ്യാന്‍ ഇനിയും ഒരു വര്‍ഷം ബാക്കിയുണ്ട്. പക്ഷെ സിനിമയുടെ ടിക്കറ്റുകള്‍ നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ ലഭ്യമാക്കി. എന്നാല്‍ വെറും മൂന്ന് മിനിറ്റുകൊണ്ട് ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നിരിക്കുകയാണ്. യുഎസിലെ തിരഞ്ഞെടുത്ത ഐമാക്‌സ് തിയേറ്ററുകളില്‍ 'ദി ഒഡീസിയുടെ' ആദ്യ പ്രദര്‍ശനത്തിനുള്ള ടികറ്റുകള്‍ വ്യാഴാഴ്ച്ചയാണ് വില്‍പ്പനയ്‌ക്കെത്തിയത്.

ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ്, സാന്‍ഫ്രാന്‍സിസ്‌കോ, ലണ്ടന്‍ തുടങ്ങിയ നഗരങ്ങളിലെ തിയേറ്ററുകളിലാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം ആരംഭിച്ച ബുക്കിംഗ് ലൈവ് ആയതും പൂര്‍ണമായും വിറ്റുതീരുകയായിരുന്നു. ആരാധകര്‍ ഇതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. മാറ്റ് ഡാമണ്‍, ടോം ഹോളണ്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം 2026 ജൂലൈ 17നാണ് റിലീസ് ചെയ്യുന്നത്.

'ഒഡീസി ഐമാക്‌സ് 70 എംഎം ടിക്കറ്റുകള്‍ വില്‍പ്പനയ്‌ക്കെത്തിയിട്ട് മൂന്ന് മിനിറ്റായി, ജൂലൈ 16 ലെ യൂണിവേഴ്‌സല്‍ സിറ്റി വാക്ക് ഷോയുടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു', എന്നാണ് ഒരു ആരാധകന്‍ എക്‌സില്‍ കുറിച്ചത്. ടിക്കറ്റ് ബുക്കിംഗിന്റെ സ്‌ക്രീന്‍ഷോട്ടും അയാള്‍ പങ്കുവെച്ചിരുന്നു. ലണ്ടണ്‍, ലോസ് ആഞ്ചലസ് എന്നീ നഗരങ്ങളിലെ അവസ്ഥയെ കുറിച്ചും സമാനമായ രീതിയില്‍ ആരാധകര്‍ സമൂഹമാധ്യമത്തില്‍ ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്. സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹോമറിന്റെ ഇതിഹാസമായ ഒഡീസിയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഇറ്റാക്കയിലെ പുരാണ രാജാവായ ഒഡീഷ്യസിന്റെ യാത്രയെയും ട്രോജന്‍ യുദ്ധത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിനെയുമാണ് പറഞ്ഞുവെക്കുന്നത്. ഒഡീഷ്യസിന്റെ മകനായ ടെലിമാക്കസായി ടോം ഹോളണ്ടാണ് ചിത്രത്തിലെത്തുന്നത്. ആന്‍ ഹാത്‌വേ, സെന്‍ഡയ, ലുപിറ്റ ന്യോങ്കോ, റോബര്‍ട്ട് പാറ്റിണ്‍സണ്‍, ചാര്‍ലിസ് തെറോണ്‍, ജോണ്‍ ബെര്‍ന്താല്‍, ബെന്നി സഫ്ഡി, എലിയറ്റ് പേജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

SCROLL FOR NEXT