ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് മാർക്കോ. മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമായിരുന്നു ഡിസംബർ 20ന് തിയേറ്ററിലെത്തിയ മാർക്കോ. നിലവിൽ ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ 100 കോടി നേടിയിരിക്കുകയാണ്. സിനിമയിലെ കടുത്ത വയലൻസിനെ വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. അതിനെല്ലാം മറുപടി പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് ഷരീഫ് മുഹമ്മദ്. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷരീഫ് മാർക്കോയെ കുറിച്ച് സംസാരിച്ചത്.
'മാർക്കോയിലെ ബ്രൂട്ടൽ സീനുകളാണ് സിനിമയുടെ പ്രധാന ഘടകം. കഥയുടെ ഒരു പ്രധാന സവിശേഷതയും അതാണ്. കഥയോട് യോജിച്ച് നിൽക്കുന്ന ഒരു സിനിമാറ്റിക് എക്‌സ്പീരിയൻസ് പ്രേക്ഷകർക്ക് നൽകുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. സിനിമയെന്നാൽ യാഥാർത്ഥ്യമല്ല. അത് മനസിലാക്കാനുള്ള പക്വത പ്രേക്ഷകർക്കുണ്ടെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഒരു നാണയത്തിന് ഇരുവശങ്ങൾ ഉള്ളതുപോലെ തന്നെ ക്രിയേറ്റീവ് വർക്കിന് എപ്പോഴും നല്ല അഭിപ്രായവും ചീത്ത അഭിപ്രായവും ഉണ്ടാകും. ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത് നല്ല ഭാഗത്തിനൊപ്പം നിൽക്കാനാണ്. അതായത്, സിനിമ എന്ന ക്രാഫ്റ്റിനും സംവിധായകന്റെ വിഷനും പിന്നെ ഈ സിനിമ ഒരു വേറിട്ട അനുഭവമാക്കി മാറ്റാൻ ശ്രമിച്ചവരുടെ പ്രയ്തനവും ആണ് നല്ല കാര്യങ്ങൾ', ഷരീഫ് പറഞ്ഞു.
'സിനിമയുടെ കാതലും വിൽപ്പനയുടെ പ്രധാന ഘടകവും അതിന്റെ റോ വയലൻസ് സീനുകളാണ്. അത് സിനിമയ്ക്ക് വളരെ പ്രധാനപ്പെട്ടതുമാണ്. ആഗോള തലത്തിൽ ഈ ജോണർ ആഘോഷിക്കപ്പെടുകയും വലിയ ഫാൻ ബേസ് ഉണ്ടാവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ മാർക്കോയും അത്തരത്തിൽ വിജയം കൈവരിക്കുമെന്നതിൽ ഞങ്ങൾക്ക് ശുഭപ്രതീക്ഷയുണ്ട്. പിന്നെ എ സർട്ടിഫിക്കറ്റ് എന്നത് ഒരു തരത്തിൽ പ്രേക്ഷകരെ സിനിമയിലേക്ക് എത്തിക്കുന്നതിൽ നിന്ന് പിൻമാറ്റിയേക്കാം. പക്ഷെ അത് സിനിമയുടെ ആ കാതൽ അതുപോലെ നിലനിർത്താൻ വേണ്ടി ഞങ്ങൾ ചെയ്ത കാര്യമാണ്', എന്നും ഷരീഫ് മുഹമ്മദ് വ്യക്തമാക്കി.
'സാറ്റ്‌ലൈറ്റ് റൈറ്റ്‌സിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ആശങ്കയൊന്നുമില്ല. മാർക്കോയിൽ കുടുംബ പ്രേക്ഷകർക്കുള്ള ഘടകങ്ങളും ഉണ്ട്. അതുകൊണ്ട് ഒരു സാറ്റ്‌ലൈറ്റ് കട്ട് ഉണ്ടാക്കുക എന്നത് ഞങ്ങളെ കൊണ്ട് അനായാസം സാധിക്കുമെന്നും' , നിർമാതാവ് കൂട്ടിച്ചേർത്തു.