'ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി. JSK എന്ന സിനിമ കാണാനാണ് നിലവില്‍ കോടതി തീരുമാനിച്ചിരിക്കുന്നത്. ശനിയാഴ്ച്ച പത്ത് മണിക്ക് പാലാരിവട്ടം ലാല്‍ മീഡിയയില്‍ വെച്ചാണ് സിനിമ കാണുക. കോടതി സിനിമ കാണുന്നു എന്നത് പ്രതീക്ഷ നല്‍കുന്ന തീരുമാനമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.
"കോടതിയുടെ ഇന്നത്തെ നിലപാട് ഞങ്ങള്‍ക്ക് തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. കോടതി സിനിമ കാണുമ്പോള്‍ എന്താണ് പ്രശ്‌നമെന്ന് നമുക്കും കൃത്യമായി മനസിലാകുമല്ലോ. സിബിഎഫ്‌സി ഇതുവരെ എന്താണ് കാരണം എന്ന് പറയാതെയാണ് മുന്നോട്ട് പോകുന്നത്. അവര്‍ പല പല കാരണങ്ങള്‍ പറയുന്നുണ്ട്. വെര്‍ബലി പറയുന്ന കാര്യമല്ല റിട്ടണായി പറയുന്നത്. തീര്‍ച്ചയായും കോടതി സിനിമ കണ്ട് ശക്തമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ", പ്രവീണ്‍ പറഞ്ഞു.
"കോടതി സിനിമ കണ്ട് വിധി ഞങ്ങള്‍ക്ക് അനുകൂലമാണെങ്കില്‍ സിബിഎഫ്‌സിക്ക് സുപ്രീം കോടതി വരെ പോകാനുള്ള അവകാശമുണ്ട്. തിരിച്ചാണ് സംഭവിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്കും ആ അവകാശമുണ്ട്. അതിനേക്കാള്‍ ഉപരിയായി ഈ സിനിമ ഒരു കലാകാരന്റെ സൃഷ്ടിയാണ്. അത് പുറത്തിറങ്ങുക എന്നതാണ് പ്രധാനം. പിന്നെ ഇതുകാരണം നിര്‍മാതാക്കള്‍ക്കും ബുദ്ധിമുട്ടുണ്ട്. തീര്‍ച്ചയായും കോടതി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ", സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
കോസ്‌മോസ് എന്റര്‍ടെയിന്‍മെന്റിന്റെ കീഴില്‍ കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് ജെ. ഫണീന്ദ്ര കുമാറാണ് 'ജെഎസ്‌കെ' നിര്‍മിച്ചിരിക്കുന്നത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവാണ് ഈ ചിത്രം. സുരേഷ് ഗോപിയുടെ മകനായ മാധവ് സുരേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. 'ചിന്താമണി കൊലക്കേസ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം 19 വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും അഭിഭാഷകന്റെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.