കൊച്ചി: മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടില്‍ പിറന്ന മാസ് കൊമേഷ്യല്‍ ചിത്രമായ 'രാവണപ്രഭു'വിന്റെ റീ റിലീസ് ആഘോഷമാക്കുകയാണ് ആരാധകർ. സമൂഹമാധ്യമങ്ങളില്‍ നിറയേ തിയേറ്ററുകളിലെ ആഘോഷങ്ങളുടെ ദൃശ്യങ്ങളാണ്. ഒക്ടോബർ 10ന് റീ റിലീസ് ചെയ്ത ചിത്രത്തന്റെ ടിക്കറ്റ് കിട്ടാന്‍ ഇപ്പോഴും പ്രയാസമാണ്. ബുക്ക് മൈ ഷോ പോലുള്ള സൈറ്റുകളില്‍ അതിവേഗമാണ് സിനിമയുടെ ടിക്കറ്റുകള്‍ വിറ്റുപോകുന്നത്.
പലതരത്തിലുള്ള ട്രോളുകളും 'രാവണപ്രഭു' റീ റിലീസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മലയാളി റാപ്പർ ഡബ്‌സിയുമായി ചേർത്താണ് അതില്‍ ഒരു ട്രോള്‍. 'ദേവാസുരം' ചെയ്ത മോഹൻലാലിന്റെ പീക്ക് സമയത്ത് ഡബ്‌സി കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന കമന്റിന് ലഭിച്ച മറുപടിയാണ് ആരാധകർ ഏറ്റുപിടിച്ചത്.
"മുണ്ടക്കൽ കിലുങ്ങണ കെണിയുണ്ട്..വാര്യർഡെ വകയൊരു പണിയുണ്ട്. കളിയാണേ കജ്ജില് ബേറേണ്ട്", എന്നായിരുന്നു കമന്റിന് ലഭിച്ച മറുപടി. 'രാവണപ്രഭു'വിന്റെ ഓളത്തില്‍ ഈ മറുപടിയിലെ തമാശയും ആരാധകർ ഏറ്റെടുത്തു.
അതേസമയം, റീ റിലീസ് ചിത്രങ്ങളുടെ ആഗോള കളക്ഷനില്‍ 'രാവണപ്രഭു' പുതിയ ബെഞ്ച്മാർക്ക് തീർക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 4K അറ്റ്‌മോസിലാണ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമിച്ച 'രാവണപ്രഭു' മാറ്റിനി നൗ ആണ് പുത്തന്‍ രൂപഭാവത്തില്‍ കാണികളിലേക്ക് എത്തിച്ചത്.
വന്‍ ഹൈപ്പില്‍ റീ റിലീസ് ചെയ്ത 'രാവണപ്രഭു'വിന്റെ ഫസ്റ്റ് ഡേ കളക്ഷന്‍ 70 ലക്ഷം രൂപയാണ്. എന്നാല്‍, റീ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ആദ്യ ദിന കളക്ഷനില്‍ സ്ഫടികം ആണ് മുന്നില്‍. 4K ഡോള്‍ബി അറ്റ്‌മോസില്‍ എത്തിയ ഭദ്രന്റെ സ്ഫടികം 77 ലക്ഷം രൂപയാണ് ആദ്യ ദിനം നേടിയത്. നാല് കോടിയോളം രൂപയാണ് ചിത്രം തിയേറ്റുകളില്‍ നിന്നും കളക്ട് ചെയ്തത്.