MOVIES

മടങ്ങിവരവില്‍ അന്‍പത് തിളക്കമാര്‍ന്ന ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നു: സിബി മലയില്‍

ഡിസംബര്‍ 22 2000ത്തിലാണ് ദേവദൂതന്‍ ആദ്യമായി തിയേറ്ററിലെത്തുന്നത്

Author : ന്യൂസ് ഡെസ്ക്


മടങ്ങി വരവില്‍ ചരിത്ര വിജയവുമായി അന്‍പതാം ദിവസത്തിലേക്ക് കിടന്ന് ദേവദൂതന്‍. റീറിലീസ് ചെയ്ത് ആറ് ആഴ്ച്ചകള്‍ പിന്നിടുമ്പോള്‍ കേരളത്തിന് അകത്തും പുറത്തുമായി 30ഓളം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്. കേരളത്തിന് പുറമെ ജിസിസി, തമിഴ്‌നാട്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും ചിത്രം മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. അന്‍പത് ദിവസം പിന്നിടുമ്പോള്‍ അതിന്റെ സന്തോഷം സംവിധായകന്‍ സിബി മലയില്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. 'ഇരുപത്തിനാല് വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള മടങ്ങിവരവില്‍ അന്‍പത് തിളക്കമാര്‍ന്ന ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നു', എന്നാണ് സിബി മലയില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഡിസംബര്‍ 22 2000ത്തിലാണ് ദേവദൂതന്‍ ആദ്യമായി തിയേറ്ററിലെത്തുന്നത്. എന്നാല്‍ ചിത്രം തിയേറ്ററില്‍ പരാജയമായിരുന്നു. രഘുനാഥ് പലേരിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സിബി മലയിലാണ് സംവിധാനം. നിര്‍മാണം സിയാദ് കോക്കര്‍. സന്തോഷ് തുണ്ടിയില്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ എല്‍ ഭൂമിനാഥനായിരുന്നു. സിനിമ തിയേറ്ററില്‍ പരാജയമായെങ്കിലും ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഹിറ്റായിരുന്നു. വിദ്യാസാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന ലോകപ്രശസ്ത സംഗീതജ്ഞനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ ജയ പ്രദ, മുരളി, ജഗതി, വിനീത് കുമാര്‍, ജഗതീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളായിരുന്നു. ബോക്‌സ് ഓഫീസില്‍ പരാജയമായെങ്കിലും ചിത്രത്തിന് മികച്ച നിരൂപക പ്രശംസയാണ് ലഭിച്ചിരുന്നത്.

SCROLL FOR NEXT