അശ്ലീല ചിത്രത്തിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന പരാതിയിൽ നടി ശ്വേതാ മേനോൻ കൂടുതൽ നടപടിക്ക്. തനിക്കെതിരായ പരാതിയിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെടും. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും ശ്വേത പരാതി നൽകും.
തന്നെ സമൂഹമാധ്യമത്തിൽ മോശപ്പെട്ട സ്ത്രീയായി ചിത്രീകരിക്കാൻ ഗൂഢാലോചന നടന്നതായും ശ്വേത ചൂണ്ടിക്കാട്ടും. ശ്വേതക്കെതിരെ പരാതി നൽകിയ മാർട്ടിൻ മേനാചേരിക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ശ്വേതക്കെതിരെ പരാതി വന്നതിൽ സിനിമ സംഘടനയായ അമ്മയിൽ നടൻ ബാബുരാജ് അടക്കമുള്ളവർക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
അതേസമയം, ശ്വേതാ മേനോനെതിരെ താനൊരു ഗൂഢാലോചനയും നടത്തിയിട്ടില്ലെന്ന് പരാതിക്കാരൻ മാർട്ടിൻ മേനാചേരി ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. ശ്വേതക്കെതിരായ പരാതിയിൽ നിന്ന് പിന്നോട്ട് പോകില്ല. നടൻ ബാബുരാജ് അടക്കമുള്ളവരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മാർട്ടിൻ വ്യക്തമാക്കി.
അശ്ലീല ചിത്രത്തിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന നടി ശ്വേതാ മേനോനെതിരായ കേസിൽ എഫ്ഐആർ കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ശ്വേതാ മേനോന്റെ വാദങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ഹൈക്കോടതി കണ്ടെത്തി. മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ഹൈക്കോടതി റിപ്പോർട്ട് തേടി. കേസിനെ പറ്റി കൂടുതൽ പരാമർശങ്ങൾ നടത്തുന്നില്ലെന്നും കോടതി അറിയിച്ചു.