ബാഡ് ഗേള്‍ ടീസറില്‍ നിന്ന്  Source : YouTube Screen Grab
MOVIES

വിവാദങ്ങള്‍ക്കൊടുവില്‍ 'ബാഡ് ഗേള്‍' എത്തുന്നു; തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചു

സംവിധായകന്‍ വെട്രിമാരനാണ് ചിത്രത്തിന്റെ നിര്‍മാതാവ്. അനുരാഗ് കശ്യപാണ് ചിത്രം അവതരിപ്പിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

വര്‍ഷ ഭാരത് സംവിധാനം ചെയ്ത തമിഴ് ചിത്രം 'ബാഡ് ഗേള്‍' റിലീസിന് ഒരുങ്ങുന്നു. ചിത്രം സെപ്റ്റംബര്‍ അഞ്ചിന് ഇന്ത്യയിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് U/A സെര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്. ജനുവരിയില്‍ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തതിന് പിന്നാലെ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ബ്രാഹ്‌മിണ സ്ത്രീ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നത് മോശം രീതിയിലുള്ള ചിത്രീകരണമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിവാദം.

സംവിധായകന്‍ വെട്രിമാരനാണ് ചിത്രത്തിന്റെ നിര്‍മാതാവ്. അനുരാഗ് കശ്യപാണ് ചിത്രം അവതരിപ്പിക്കുന്നത്. കമിംഗ് ഓഫ് എയ്ജ് സിനിമയായ 'ബാഡ് ഗേള്‍' 54-ാമത് അന്താരാഷ്ട്ര റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. റോട്ടര്‍ഡാമില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് അവാര്‍ഡും, സിനിമാ ജോവ് - വലന്‍സിയ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള യംഗ് ജൂറി അവാര്‍ഡും ഈ ചിത്രം നേടി.

ദേശീയ പുരസ്‌കാര ജേതാവായ അമിത് ത്രിവേദിയാണ് ബാഡ് ഗേളിന്റെ സംഗീത സംവിധാനം. സിനിമയ്ക്കായി ആറ് പാട്ടുകളാണ് അമിത് ചെയ്തിരിക്കുന്നത്. സ്‌കൂള്‍ കാലം തൊട്ട് അഡള്‍ട്ഹുഡ് വരെയുള്ള ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് ചിത്രം പറഞ്ഞുവെക്കുന്നത്.

ബാഡ് ഗേള്‍ പോസ്റ്റർ

അഞ്ജലി ശിവരാമന്‍,ശാന്തി പ്രിയ, ശരണ്യ രവിചന്ദ്രന്‍, ഹൃദു ഹരൂണ്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. പ്രീത ജയരാമന്‍, ജഗതീഷ് രവി എന്നിവരാണ് ചിത്രത്തിന്റെ മറ്റ് എഴുത്തുകാര്‍. പ്രിന്‍സ് ആന്‍ഡ്രിസണ്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജയലക്ഷ്മി സുന്ദരേശനാണ് ചിത്രത്തിന്റെ ഇന്റിമസി കോഡിനേറ്റര്‍.

SCROLL FOR NEXT