തിങ്കളാഴ്ചയാണ് പരേഷ് റാവല്‍ ചിത്രം 'ദ താജ് സ്റ്റോറി'യുടെ മോഷന്‍ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. താജ് മഹലിന്റെ താഴികക്കുടത്തില്‍ നിന്ന് ഒരു ശിവ വിഗ്രഹം ഉയർന്നുവരുന്നതായാണ് പോസ്റ്റർ. എക്സിലൂടെ പരേഷ് റാവലാണ് സിനിമയുടെ മോഷന്‍ പോസ്റ്റർ പങ്കുവച്ചത്.
മോഷന്‍ പോസ്റ്ററിന് എതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ തോതിലുള്ള വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. മുഗള്‍ ചക്രവർത്തിയായിരുന്ന ഷാജഹാന്‍ നിർമിച്ച താജ് മഹല്‍ പുരാതന ഹിന്ദു ക്ഷേത്രത്തിന് മുകളിലാണ് പണിതുർത്തിയതെന്ന തീവ്ര ഹൈന്ദവ സംഘടനകളുടെ പ്രചാരണം ശക്തമാക്കാന്‍ ഇത്തരം ചിത്രീകരണങ്ങള്‍ കാരണമാകുമെന്നാണ് ആരോപണം. ദ കേരള സ്റ്റോറി, കശ്മീർ ഫയല്‍സ് തുടങ്ങിയ ചിത്രങ്ങളേപ്പോലെ പ്രൊപ്പഗണ്ടാ മൂവിയാണ് 'ദ താജ് സ്റ്റോറി' എന്നും വിർശിക്കുന്നവരുണ്ട്.
എന്നാല്‍, വിമർശനങ്ങള്‍ക്ക് പിന്നാലെ പരേഷ് റാവല്‍ പോസ്റ്റ് പിന്‍വലിച്ചു. പിന്നാലെ, 'ദ താജ് സ്റ്റോറി'യുടെ നിർമാതാക്കളുടെ ഒരു നിരാകരണക്കുറിപ്പ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. സിനിമ 'ഒരു മതപരമായ വിഷയവും കൈകാര്യം ചെയ്യുന്നില്ല' എന്നും 'ചരിത്രപരമായ വസ്തുതകളിൽ' മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുമാണ് ഈ കുറിപ്പില്‍ പറയുന്നത്.
"ഈ സിനിമ മതപരമായ ഒരു വിഷയവും കൈകാര്യം ചെയ്യുന്നില്ലെന്നും താജ് മഹലിന് ഉള്ളില്‍ ഒരു ശിവ ക്ഷേത്രമുണ്ടെന്ന് അവകാശപ്പെടുന്നില്ലെന്നും സിനിമയുടെ നിർമാതാക്കള്‍ വ്യക്തമാക്കുന്നു. ചരിത്ര വസ്തുതകളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സിനിമ കാണണമെന്നും നിങ്ങളുടെ സ്വന്തം അഭിപ്രായം രേഖപ്പെടുത്തണമെന്നും അപേക്ഷിക്കുന്നു," നിർമാതാക്കളായ സ്വർണിം ഗ്ലോബല്‍ സർവീസസിന്റെ നിരാകരണ കുറിപ്പില്‍ പറയുന്നു.
അതേസമയം, പരേഷ് റാവല്‍ പങ്കുവച്ച ആദ്യ അനൗണ്‍സ്‌മെന്റ് പോസ്റ്റില്‍ ഇതിന് നേർ വിപരീത അർഥം വരുന്ന തരത്തിലായിരുന്നു. "നിങ്ങളെ പഠിപ്പിച്ചത് നുണയാണെങ്കിലോ? സത്യം മറച്ചുവെക്കുക മാത്രമല്ല, അത് വിധിക്കപ്പെടുകയും ചെയ്യുന്നു. വസ്തുതകൾ അനാവരണം ചെയ്യുക," ഇതായിരുന്നു പോസ്റ്റ്
കഴിഞ്ഞ ഓഗസ്റ്റിലാണ് സംവിധായകനും എഴുത്തുകാരനുമായ തുഷാർ അമ്രിഷ് ഗോയല്‍ 'ദ താജ് സ്റ്റോറി'യുടെ ടീസർ റിലീസ് ചെയ്തത്. ഈ വർഷം ഒക്ടോബർ 31ന് ആണ് സിനിമയുടെ തിയേറ്റർ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.