Source: Files
MOVIES

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്; സൗബിൻ ഷാഹിർ അടക്കമുള്ളവർ പ്രതികൾ

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം നൽകിയത്...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് പ്രതികൾ. ആയിരം പേജുള്ള കുറ്റപത്രമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. രണ്ട് ദിവസം മുൻപാണ് കുറ്റപത്രം സമർപ്പിച്ചത്.

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ലാഭത്തിൻ്റെ 40% നൽകാമെന്ന് കാണിച്ചായിരുന്നു പ്രതികളായ നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് കേസിൽ പരാതിക്കാരനായ അരൂർ സ്വദേശി സിറാജ് വലിയ വീട്ടിൽ ഹമീദിൽ നിന്ന് കൈപ്പറ്റിയത്. എന്നാൽ ഒരു രൂപ പോലും മടക്കി നൽകിയില്ല എന്നാണ് പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയത്.

2024 ഫെബ്രുവരി 22നാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് തിയേറ്ററിലെത്തിയത്. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദീപക് പറമ്പോള്‍, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, ജോര്‍ജ് മരിയന്‍, അഭിരാം രാധാകൃഷ്ണന്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ മലയാളത്തിന് പുറമേ തമിഴ്നാട് ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും വന്‍ വിജയമായിരുന്നു. 200 കോടിക്ക് മുകളിലാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്നും നേടിയത്.

SCROLL FOR NEXT