MOVIES

ഇന്ത്യന്‍ സൈന്യത്തെ അവഹേളിച്ചു; സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം

ഒക്ടോബര്‍ 31ന് റിലീസ് ചെയ്യാനിരിക്കുന്ന അമരന്‍ എന്ന ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സൈബര്‍ ആക്രമണം നടക്കുന്നത്

Author : ന്യൂസ് ഡെസ്ക്


നടി സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം. ഇന്ത്യന്‍ സൈന്യത്തെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്രമണം. 2022ല്‍ സായ് പല്ലവി ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ഇപ്പോഴത്തെ സൈബര്‍ ആക്രമണം. ബോയ്‌ക്കോട്ട് സായ് പല്ലവി എന്ന ഹാഷ്ടാഗ് എക്‌സില്‍ ട്രെന്റിംഗായിരുന്നു. പാകിസ്ഥാനിലുള്ളവര്‍ ഇന്ത്യന്‍ സൈനികരെ തീവ്രവാദികളായി കണ്ടേക്കാം എന്ന പരാമര്‍ശത്തിലാണ് പ്രതിഷേധം ശക്തമാവുന്നത്.

2022 ല്‍ പുറത്തിറങ്ങിയ വിരാടപര്‍വ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട് സായ് പല്ലവി നടത്തിയ അഭിമുഖത്തില്‍ ഇന്ത്യന്‍ സൈന്യത്തെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ അമരന്‍ എന്ന സൈനിക ചിത്രത്തിന്റെ റിലീസ് സമയത്ത് സൈബര്‍ ആക്രമണത്തിലേക്ക് നീണ്ടത്. ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ ജനങ്ങളെ ഭീകരരായാണ് കാണുന്നതെന്നും പാക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നത്. ഏതുതരത്തിലുള്ള അക്രമവും ശരിയായി തോന്നുന്നില്ലെന്നും അതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്നും സായ് പല്ലവി അഭിമുഖത്തില്‍ പറഞ്ഞു.

നക്‌സലുകളേക്കുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ ഈ മറുപടിയിലെ ഒരു ഭാഗം മാത്രം ഉപയോഗിച്ചാണ് നിലവില്‍ സായ് പല്ലവിക്കെതിരെ ആക്രമണം നടക്കുന്നത്. നേരത്തെയും ഇത്തരത്തില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. അന്ന് താന്‍ ഒരു കമ്മ്യൂണിറ്റിയെയും ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അഭിമുഖത്തിലെ ഒരു ഭാഗം മാത്രം എടുത്ത് പ്രചരിപ്പിക്കുന്നതില്‍ വേദനയുണ്ടെന്നും സായ് പല്ലവി പ്രതികരിച്ചിരുന്നു.

ഒക്ടോബര്‍ 31ന് റിലീസ് ചെയ്യാനിരിക്കുന്ന അമരന്‍ എന്ന ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സൈബര്‍ ആക്രമണം നടക്കുന്നത്. മേജര്‍ മുകുന്ദ് വരദരാജന്റെ ബയോപ്പിക് ആണ് അമരന്‍. ചിത്രത്തില്‍ മുകുന്ദിന്റെ ഭാര്യ ഇന്ദു റബേക്ക വര്‍ഗീസ് എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്.




SCROLL FOR NEXT