സല്‍മാന്‍ ഖാന്‍, അഭിനവ് കശ്യപ്  
MOVIES

"അയാള്‍ ഒരു ഗുണ്ട, മോശം വ്യക്തിയും"; സല്‍മാന്‍ ഖാനെ കുറിച്ച് ദബാംഗ് സംവിധായകന്‍ അഭിനവ് കശ്യപ്

തേരേ നാം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സഹോദരന്‍ അനുരാഗ് കശ്യപിനും ഇതേ പ്രശ്‌നം നേരിടേണ്ടി വന്നുവെന്നും അഭിനവ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

2010-ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്റെ ദബാംഗ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് അഭിനവ് കശ്യപ്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദബാംഗ് 2 സംവിധാനം ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് തന്റെ കരിയര്‍ സല്‍മാന്‍ ഖാന്‍ അട്ടിമറിച്ചതായി അഭിനവ് ആരോപിച്ചു. ദബാംഗിന്റെ 15-ാം വാര്‍ഷികത്തിന് മുന്നോടിയായി സ്‌ക്രീനിന് നല്‍കിയ അഭിമുഖത്തില്‍ അഭിനവ് സല്‍മാന്‍ ഖാന്റെ പെരുമാറ്റത്തെ കുറിച്ച് തുറന്ന് സംസാരിച്ചു.

സംഭാഷണത്തിനിടെ അഭിനവ് സല്‍മാന്‍ ഖാനെ ഗുണ്ട എന്ന വിളിച്ചു. "സല്‍മാന്‍ ഖാന് അഭിനയത്തില്‍ ഒരു താല്‍പര്യവുമില്ല. കഴിഞ്ഞ 25 വര്‍ഷമായി അദ്ദേഹം അതില്‍ പങ്കാളിയല്ല. ജോലിക്ക് വന്ന് ഒരു ഉപകാരം ചെയ്യുന്നു എന്ന് മാത്രം. ഒരു സെലിബ്രിറ്റ് ആകുന്നതിന്റെ ശക്തിയിലാണ് അദ്ദേഹത്തിന് കൂടുതല്‍ താല്‍പര്യം. അഭിനയത്തില്‍ താല്‍പര്യമില്ല. അയാള്‍ ഒരു ഗുണ്ടയാണ്. ദബാംഗിന് മുന്നെ ഇതെനിക്ക് അറിയില്ലായിരുന്നു. സല്‍മാന്‍ ഖാന്‍ ഒരു മോശം വ്യക്തിയാണ്" , അഭിനവ് പറഞ്ഞു.

"ബോളിവുഡിലെ താരവ്യവസ്ഥയുടെ പിതാവാണ് സല്‍മാന്‍ ഖാന്‍. 50 വര്‍ഷമായി സിനിമാ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കുടുംബത്തില്‍ നിന്നുള്ള ആളാണ് അദ്ദേഹം. ആ പ്രക്രിയ അദ്ദേഹം തുടരുന്നു. അവര്‍ പ്രതികാര ബുദ്ധിയുള്ള ആളുകളാണ്. എല്ലാം നിയന്ത്രിക്കുന്നത് അവരാണ്. അവരോട് നിങ്ങള്‍ യോജിച്ചില്ലെങ്കില്‍ അവര്‍ നിങ്ങളുടെ പിന്നാലെ വരും" , എന്നും അഭിനവ് വ്യക്തമാക്കി.

തേരേ നാം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സഹോദരന്‍ അനുരാഗ് കശ്യപിനും ഇതേ പ്രശ്‌നം നേരിടേണ്ടി വന്നുവെന്നും അഭിനവ് പറഞ്ഞു. "തേരേ നാം എന്ന സിനിമയില്‍ അനുരാഗ് കശ്യപിനും ഇതേ വിധി നേരിടേണ്ടി വന്നു. സിനിമയില്‍ നിന്ന് അനുരാഗ് അവസാനം പുറത്ത് പോവുകയായിരുന്നു. തേരേ നാം എന്ന സിനിമയുടെ തിരക്കഥ എഴുതിയത് അനുരാഗാണ്. എന്നാല്‍ നിര്‍മാതാവ് ബോണി കപൂര്‍ അദ്ദേഹത്തോട് മോശമായി പെരുമാറി. പിന്നീട് അദ്ദേഹം അത് ഉപേക്ഷിച്ചു. അവര്‍ അനുരാഗിന് ക്രെഡിറ്റ് നല്‍കിയില്ല. അത് തന്നെയാണ് എനിക്കും സംഭവിച്ചത്. ഏതൊരു സിനിമയുടെയും അടിസ്ഥാനം നല്ല തിരക്കഥയാണ്", എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT