ഡിയർ സിന്ദഗി  Source : News Malayalam 24 x 7
MOVIES

Dear Zindagi: മാനസിക പ്രശ്നങ്ങള്‍ നോര്‍മലാണെന്ന് പറഞ്ഞ കായിര

ഗൗരി ഷിന്‍ഡെ സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ 'ഡിയര്‍ സിന്ദഗി' പറയുന്നതും മൂടിവെക്കപ്പെട്ട അത്തരം വികാരങ്ങളെ കുറിച്ചാണ്. ആലിയ ഭട്ട് അവതരിപ്പിച്ച കായിരയുടെ ജീവിതത്തിലൂടെ.

Author : പ്രിയങ്ക മീര രവീന്ദ്രന്‍

മനസ് തുറന്ന് കരയാന്‍ സാധിക്കുന്നില്ലെങ്കില്‍ എങ്ങനെ നിങ്ങള്‍ക്ക് മനസ് തുറന്ന് ചിരിക്കാനാകും? എല്ലാ വികാരങ്ങളെയും മൂടിവെച്ച് ജീവിക്കാനാണ് സമൂഹം നമ്മോട് പറയാറ്. പ്രത്യേകിച്ച് സ്ത്രീകളോട്. ദേഷ്യം, സങ്കടം തുടങ്ങിയ വികാരങ്ങളെ ഉള്ളിലൊതുക്കി 'നല്ല കുട്ടി'യായി ജീവിക്കാന്‍. അതു തന്നെയാണ് കായിരയും ചെറുപ്പം മുതലെ ചെയ്തുകൊണ്ടിരുന്നത്.

ഗൗരി ഷിന്‍ഡെ സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ 'ഡിയര്‍ സിന്ദഗി' പറയുന്നതും മൂടിവെക്കപ്പെട്ട അത്തരം വികാരങ്ങളെ കുറിച്ചാണ്. ആലിയ ഭട്ട് അവതരിപ്പിച്ച കായിരയുടെ ജീവിതത്തിലൂടെ...

20 വയസിന് മുകളില്‍ പ്രായമുള്ള കായിര മുംബൈയില്‍ സിനിമാറ്റോഗ്രഫര്‍ ആണ്. ജോലിയും സുഹൃദ്‌വലയങ്ങളുമെല്ലാം ആയി വളരെ തിരക്കേറിയ ജീവിതമാണ് കായിര നയിക്കുന്നത്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍... she is fine. പക്ഷെ നേരത്തെ പറഞ്ഞതു പോലെ അവളുടെ മനസില്‍ നിറയേ മൂടിവെച്ച വികാരങ്ങളാണ്. അതുകൊണ്ട് തന്നെ ജീവിതത്തെ അതിന്റെ പൂര്‍ണതയില്‍ അനുഭവിക്കാന്‍ അവള്‍ക്ക് സാധിക്കുന്നില്ല.

സുഹൃത്ത് ബന്ധങ്ങളില്‍ കായിരയ്ക്ക് വലിയ പ്രശ്നങ്ങളൊന്നും നേരിടേണ്ടി വരുന്നില്ല. പക്ഷെ പ്രണയ ബന്ധങ്ങള്‍ അവളെ സംബന്ധിച്ച് വളരെ സങ്കീര്‍ണമാണ്. സിനിമ തുടങ്ങുമ്പോള്‍ കായിരയ്ക്ക് ഒരു ബോയ്ഫ്രണ്ട് ഉണ്ട്. എന്നാല്‍ ജോലിക്കായി പുറത്തുപോയപ്പോള്‍ അവിടെ വെച്ച് രഘുവേന്ദ്ര എന്ന നിര്‍മാതാവിനെ പരിചയപ്പെടുകയും അയാളുമായി കായിര പ്രണയത്തിലാവുകയും ചെയ്യുന്നു. തിരിച്ച് മുംബൈയിലെത്തിയ അവള്‍ ഇക്കാര്യം തന്റെ ബോയ്ഫ്രണ്ടിനോട് പറയുകയും ആ ബന്ധം അവസാനിപ്പിക്കുകയും ചെയ്യുന്നു.

രഘുവേന്ദ്ര കായിരയ്ക്ക് ഒരു പുതിയ പ്രൊജക്ട് ഓഫര്‍ ചെയ്യുന്നു. ന്യൂയോര്‍ക്കിലാണ് പ്രൊജക്ട് നടക്കുന്നത്. കായിര അതിന്റെ സന്തോഷത്തിലാണ്. എന്നാല്‍ പെട്ടന്ന് അയാളുടെ എക്സും ആ പ്രൊജക്ടിന്റെ ഭാഗമാണെന്ന് അറിഞ്ഞ കായിര ഇന്‍സെക്യൂര്‍ ആകുന്നു. അതില്‍ നിന്നുണ്ടായ ഭയം കൊണ്ട് അവള്‍ രഘുവേന്ദ്രയോട് കുറച്ച് അകലം പാലിക്കുകയാണ് ചെയ്യുന്നത്. അയാള്‍ ന്യൂയോര്‍ക്കിലേക്ക് പോയ ശേഷം അവള്‍ അയാളുടെ മെസേജിനായി കാത്തിരിക്കുകയാണ്. പിന്നീട് കായിര അറിയുന്നത് അയാളുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നാണ്. ഇത് കായിരയെ വല്ലാതെ ബാധിക്കുന്നുണ്ട്. അതേ സമയം തന്നെ മുംബൈയിലെ അപാര്‍ട്മെന്റില്‍ നിന്നും അവള്‍ക്ക് താമസം മാറേണ്ടി വരുന്നു. അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പോവുക എന്നതായിരുന്നു അവള്‍ക്ക് ഇനിയുള്ള ഓപ്ഷന്‍. അങ്ങനെ മനസില്ലാ മനസോടെ അവള്‍ ഗോവയിലെ വീട്ടിലേക്ക് പോകുന്നു.

രഘുവേന്ദ്രയുമായി അവള്‍ക്ക് വ്യക്തിപരമായും ജോലിപരമായും ബന്ധമുണ്ട്. അയാളുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന് കരുതി ന്യൂയോര്‍ക്കിലേക്ക് പോകാതിരിക്കണോ എന്ന ചോദ്യം കായിരയെ വല്ലാതെ അലട്ടുന്നുണ്ട്. ഈ കാരണങ്ങളാല്‍ അവള്‍ക്ക് ഉറക്കം നഷ്ടപ്പെടുകയും അവസാനം ഒരു സൈക്കോളജിസ്റ്റിനെ കാണാന്‍ തീരുമാനിക്കുകയും ചെയ്യുന്നു.

അങ്ങനെയാണ് ഷാരൂഖ് ഖാന്‍ അവതരിപ്പിച്ച ഡോ.ജഹാംഗീര്‍ ഖാന്‍ കായിരയുടെ ജീവിതത്തിലേക്ക് വരുന്നത്. താല്‍പര്യമില്ലാതെയാണ് കായിര ജഹാംഗീറിനെ കാണാന്‍ പോകുന്നത്. അതുകൊണ്ട് തന്നെ അവള്‍ സെഷനില്‍ ഓണസ്റ്റ് ആകുന്നില്ല. സുഹൃത്തിന്റെ എന്തോ പ്രശ്നം കാരണമാണ് തനിക്ക് ഉറക്കമില്ലാത്തതെന്നാണ് അവള്‍ പറയുന്നത്. എന്നാല്‍ സംസാരത്തിനൊടുവില്‍ കായിരയ്ക്ക് അയാളില്‍ വിശ്വാസം വരുകയും എല്ലാം തുറന്ന് പറയുകയും ചെയ്യുന്നു.

മാനസിക ആരോഗ്യം ഒരു പ്രശ്നമായി കണക്കാക്കാതിരിക്കുന്ന സമൂഹത്തിന്റെ മനോഭാവത്തെ കുറിച്ചും സിനിമ പറഞ്ഞുവെക്കുന്നുണ്ട്. തുടക്കത്തില്‍ കായിരയുടെ സുഹൃത്ത് സൈക്കോളജിസ്റ്റിനെ കാണാന്‍ പോകുമ്പോള്‍ അവള്‍ക്ക് അതിന്റെ ആവശ്യകത മനസിലാകുന്നില്ല. കാരണം അവളും സമൂഹത്തിന്റെ അതേ ചിന്താഗതിയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. എന്നാല്‍ ജഹാംഗീര്‍ ഖാന്‍ എന്ന ഡോക്ടറെ കണ്ടതിന് ശേഷം ആ ചിന്താഗതിയില്‍ മാറ്റം വരുകയാണ് ചെയ്യുന്നത്.

കായിരയ്ക്ക് ഒരു പ്രശ്നമുണ്ട്. ഒരുപാട് പ്രണയബന്ധങ്ങള്‍ അവളുടെ ജീവിതത്തില്‍ വന്നുപോകുന്നതിനാല്‍ ആളുകള്‍ മോശം സ്ത്രീയായി തന്നെ കണക്കാക്കുന്നുണ്ടോ എന്ന തോന്നല്‍ കായിരയ്ക്കുണ്ട്. ആ ചിന്ത മാറ്റാന്‍ ഡോക്ടര്‍ അവളോട് ഒരു കഥ പറഞ്ഞുകൊടുക്കുകയാണ് ചെയ്യുന്നത്. നമ്മള്‍ ഒരു കസേര വാങ്ങുമ്പോള്‍, ആദ്യത്തെ കസേര തന്നെ കണ്ട് ഇഷ്ടപ്പെട്ട് വാങ്ങുകയല്ലല്ലോ ചെയ്യുന്നത്. പല തരം കസേരകളിലൂടെ നമ്മള്‍ അതിന് മുമ്പ് കടന്ന് പോകും. അപ്പോള്‍ ഒരു പങ്കാളിയെ കണ്ടെത്തുന്നതിന് മുമ്പ് സെലക്ടീവായി നോക്കുന്നതില്‍ എന്താണ് പ്രശ്നം എന്നാണ് ഷാരൂഖ് ഖാന്റെ കഥാപാത്രം കായിരയോട് ചോദിക്കുന്നത്.

കഥ കേട്ട കായിര പറയുന്നത്, ഇത് ലോകത്തുള്ളവരെല്ലാം കേട്ടിരുന്നെങ്കില്‍ എന്നാണ്. അപ്പോള്‍ ലോകം എത്ര സുന്ദരമായേനെ എന്ന്. പക്ഷെ അതിന്റെ ആവശ്യമില്ലെന്നും നമുക്ക് നമ്മളെ ശരിക്കും അറിയാമെങ്കില്‍ പിന്നെ മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നു എന്നതില്‍ പ്രസക്തിയില്ലെന്നുമാണ് ഡോക്ടര്‍ പറയുന്നത്.

എന്തുകൊണ്ട് കായിരയുടെ പ്രണയ ബന്ധങ്ങള്‍ ഇത്തരത്തില്‍ സങ്കീര്‍ണമാകുന്നു എന്നതിനെ കുറിച്ചും സിനിമയില്‍ പറയുന്നുണ്ട്. അതിന് കാരണം അവളുടെ കുട്ടിക്കാലത്തെ ട്രോമയാണ്. അച്ഛനും അമ്മയും അടുത്തില്ലാതെ വളര്‍ന്നതും പിന്നീട് അനിയന്‍ ജനിച്ചതുമെല്ലാം കുഞ്ഞു കായിരയെ ബാധിച്ചിരുന്നു. കുട്ടിയായി ഇരിക്കുമ്പോള്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് മാതാപിതാക്കളുടെ സ്നേഹവും കരുതലുമാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് കായിരയ്ക്ക് അത് പൂര്‍ണമായും ലഭിച്ചിട്ടില്ല. അച്ഛനും അമ്മയും ജോലിയുടെ ആവശ്യങ്ങള്‍ക്കായി പുറത്തായതുകൊണ്ട് കായിര വളര്‍ന്നത് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെയാണ്. പിന്നീട് അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ കൂടെ അനിയനും ഉണ്ടായിരുന്നു. അതിനാല്‍ കായിരയുടെ കുഞ്ഞു മനസില്‍ വന്ന ചിന്ത അവളോടുള്ള സ്നേഹം പകുത്ത് പോകുന്നു എന്നതായിരുന്നു. അതുപോലെ തന്നെ കായിര ജോലിയില്‍ എത്രത്തോളം സക്‌സസ്ഫുള്‍ ആണെങ്കിലും കുടുംബക്കാര്‍ക്ക് ആ ജോലി ഇഷ്ടമില്ലായിരുന്നു. അതില്‍ നിരന്തരം കായിരയെ അവര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതെല്ലാം ഉള്ളിലൊതുക്കിയാണ് കായിര ജീവിക്കുന്നത്.

ഇതെല്ലാം കാരണം ആളുകള്‍ ഉപേക്ഷിച്ച് പോകുമോ എന്ന വല്ലാത്തൊരു ഭയം അവള്‍ക്കുള്ളില്‍ വളര്‍ന്നു വന്നിരുന്നു. അതാണ് അവളുടെ പ്രണയ ബന്ധങ്ങള്‍ അധിക കാലം നിലനില്‍ക്കാത്തത്. ലോങ് ടേം റിലേഷന്‍ഷിപ്പ് ജീവിതത്തില്‍ പറ്റില്ലെന്ന് അവള്‍ സ്വയം വിശ്വസിച്ചിരിക്കുകയാണ്. അതിനാല്‍ അത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കായിര പ്രണയ ബന്ധങ്ങള്‍ അധികകാലം മുന്നോട്ട് കൊണ്ടു പോകാറില്ല. പക്ഷെ രഘുവേന്ദ്രയുടെ കാര്യത്തില്‍ സംഭവിച്ചത് അങ്ങനെ അല്ലായിരുന്നു. അവളെ അയാളാണ് ഉപേക്ഷിച്ചു പോയത്. അതുകൊണ്ട് കൂടിയാണ് കായിര തകര്‍ന്നു പോയത്.

ഈ സംഭവത്തിന് ശേഷമാണ് കായിര മനസില്‍ ഒതുക്കി വെച്ചിരുന്ന വികാരങ്ങള്‍ ഓരോന്നായി പുറത്തുവരാന്‍ തുടങ്ങിയത്. അതെല്ലാം നേരിടാന്‍ അവള്‍ തയ്യാറല്ലായിരുന്നു. അപ്പോള്‍ എല്ലാം ഉള്ളിലൊതുക്കി മുന്നോട്ട് പോകാന്‍ കായിര തീരുമാനിച്ചു. അതിന് സാധിക്കാതെ വന്നപ്പോഴാണ് ഡോ. ജഹാംഗീറിനെ കാണാന്‍ അവള്‍ തീരുമാനിക്കുന്നത്. എങ്ങനെ അത്തരം വികാരങ്ങളെ നേരിടാം എന്നാണ് ഡോക്ടര്‍ അവളെ പഠിപ്പിച്ചത്. ഒറ്റപ്പെടല്‍, ദേഷ്യം, സെല്‍ഫ് ഡൗട്ട്, ആങ്‌സൈറ്റി എന്നിങ്ങനെ ഒരുപാട് വികാരങ്ങള്‍ കായിര ഉള്ളിലൊതുക്കിയിരുന്നു. അതെല്ലാം സൂക്ഷ്മമായി പരിശോധിച്ച് അതിനെ ഡീല്‍ ചെയ്യാന്‍ അവളെ അയാള്‍ സജ്ജയാക്കി.

ഇതോടെ, കായിരയുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ എല്ലാം മാറിയോ? ശരിക്കും അങ്ങനെയാണോ? അല്ല! കാരണം പനി വരുന്നത് പോലെ തന്നെയാണ് മാനസിക പ്രശ്‌നങ്ങളും. അത് വീണ്ടും വീണ്ടും സംഭവിക്കാം. ഇനി അങ്ങനെയൊരു പ്രശ്നം വന്നാല്‍ സഹായം തേടാന്‍ അവള്‍ രണ്ടാമത് ചിന്തിക്കില്ല. മാനസികാരോഗ്യത്തെ കുറിച്ചുള്ള സോഷ്യല്‍ സ്റ്റിഗ്മ, അത് അവളില്‍ നിന്ന് വിട്ടുമാറി കഴിഞ്ഞു. സാധാരണ അസുഖങ്ങള്‍ പോലെ തന്നെ ആവശ്യം വന്നാല്‍ ചികിത്സ തേടേണ്ട ഒന്നാണ് മാനസിക പ്രശ്നങ്ങളും. അതില്‍ ഒരു തരത്തിലുമുള്ള നാണക്കേടും പേടിയും വിചാരിക്കേണ്ട കാര്യമില്ല. അത് തന്നെയാണ് കായിരയിലൂടെ ഡിയര്‍ സിന്ദഗി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ശ്രമിച്ചതും.

SCROLL FOR NEXT