MOVIES

എമ്പുരാനെക്കുറിച്ച് പറയാന്‍ എനിക്ക് അനുവാദമില്ല, പക്ഷെ എഡിറ്റിംഗ് തീരാത്ത രംഗങ്ങള്‍ കണ്ട് ഞെട്ടി: ദീപക് ദേവ്

കൃത്യമായി റിഹേഴ്‌സല്‍ ചെയ്തിട്ടാണ് വണ്ടികള്‍ തകര്‍ക്കുന്നത് എന്നാണ് പൃഥ്വി പറഞ്ഞത്

Author : ന്യൂസ് ഡെസ്ക്


എമ്പുരാനെ കുറിച്ചുള്ള പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ദീപക് ദേവ്. ചിത്രത്തെ കുറിച്ച് കൂടുതലൊന്നും പറയാന്‍ അനുവാദമില്ലെന്ന് പറഞ്ഞ ദീപക്, എഡിറ്റിംഗ് തീരാത്ത സിനിമയിലെ ചില രംഗങ്ങള്‍ കണ്ട് ഞെട്ടിപ്പോയി എന്നാണ് പറഞ്ഞത്. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ദീപക് ഇക്കാര്യം തുറന്ന് പറഞ്ഞത്.

ദീപക് ദേവ് പറഞ്ഞത് :

എമ്പുരാനെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാന്‍ എനിക്ക് അനുവാദമില്ല. എങ്കിലും സന്തോഷം കൊണ്ട് കുറച്ചു കാര്യങ്ങള്‍ പറയാം. പശ്ചാത്തല സംഗീതം ചെയ്യുന്നതിന് വേണ്ടി സ്‌പോട്ട് എഡിറ്ററുടെ കയ്യില്‍ നിന്ന് എനിക്ക് സിനിമയുടെ വിഷ്വല്‍ അയക്കാറുണ്ട്. ആ വിഷ്വലിനെ സംബന്ധിച്ച് നമുക്ക് പ്രതീക്ഷിക്കാവുന്ന ഒരു ക്വാളിറ്റി ഉണ്ട്. സ്‌പോട്ട് എഡിറ്ററുടെ കട്ട് ആയതുകൊണ്ട് അതിന്റെ മേല്‍ ആരും അഭിപ്രായം പറയാറില്ല. ഈ വിഷ്വലിന്റെ മുകളില്‍ കളറിംഗ് ഉള്‍പ്പെടെ ഒരുപാട് ജോലികള്‍ ബാക്കിയുണ്ട്. പക്ഷെ സ്‌പോട്ട് എഡിറ്റില്‍ അയച്ചുതന്ന എമ്പുരാന്റെ ഒരു മെറ്റീരിയല്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ആ വിഷ്വല്‍ മാത്രം വെച്ച് മ്യൂസിക് ചെയ്താല്‍ അവസാനത്തെ കട്ട് ആണെന്ന് ആളുകള്‍ ചിലപ്പോള്‍ വിശ്വസിച്ചുപോകും.

പണച്ചിലവുള്ള കുറെ കാര്യങ്ങള്‍ അതില്‍ കണ്ടു. സി ജി ഉപയോഗിച്ച് വണ്ടി പൊളിക്കാം എന്ന് നമ്മള്‍ കരുതുന്ന ഇടങ്ങളില്‍ ഒറിജിനലായി വണ്ടികള്‍ പൊളിച്ചിരിക്കുകയാണ്. ഈ ഷോട്ട് ഒക്കെ റീ ടേക്ക് വന്നാല്‍ എന്ത് ചെയ്യുമെന്ന് ഞാന്‍ പ്രിഥ്വിയോട് ചോദിച്ചു. കൃത്യമായി റിഹേഴ്‌സല്‍ ചെയ്തിട്ടാണ് വണ്ടികള്‍ തകര്‍ക്കുന്നത് എന്നാണ് പൃഥ്വി പറഞ്ഞത്. സ്‌ഫോടനങ്ങളെല്ലാം ലൈവാണ്. ഭയങ്കര രസമുണ്ട് കാണാന്‍.




SCROLL FOR NEXT