ദീപിക പദുകോണ്‍ Source : Instagram
MOVIES

ഇന്ത്യക്ക് അഭിമാനം; ദീപികയ്ക്ക് 'ദ ഹോളിവുഡ് വാക്ക് ഓഫ് ഫെയിം' ബഹുമതി

പ്രശസ്ത സൂപ്പര്‍ താരം എന്നതിലുപരി അന്താരാഷ്ട്ര വേദികളില്‍ രാജ്യത്തിന് അഭിമാനമായ ഒരു ഗ്ലോബല്‍ ഐകണ്‍ ആയും ദീപിക മാറി.

Author : ന്യൂസ് ഡെസ്ക്

ബോളിവുഡ് സൂപ്പര്‍ താരമായ ദീപിക പദൂകോണിന് തന്റെ രണ്ട് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനിടെ നിരവധി തവണ ആഗോള വിനോദ മേഖലയില്‍ വലിയ സ്ഥാനം നേടാന്‍ സാധിച്ചിട്ടുണ്ട്. പ്രശസ്ത സൂപ്പര്‍ താരം എന്നതിലുപരി അന്താരാഷ്ട്ര വേദികളില്‍ രാജ്യത്തിന് അഭിമാനമായ ഒരു ഗ്ലോബല്‍ ഐകണ്‍ ആയും ദീപിക മാറി.

ഇപ്പോഴിതാ 2026ലെ മോഷന്‍ പിക്‌ചേഴ്‌സ് വിഭഗത്തില്‍ ഹോളിവുഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ദീപികയെ ഹോളിവുഡ് വാക്ക് ഓഫ് ഫെയിമില്‍ സ്റ്റാര്‍ നല്‍കി ആദരിച്ചിരിക്കുകയാണ്. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് താരം. ഇതോടെ ആഗോളതലത്തില്‍ വീണ്ടും ഇന്ത്യയെ ദീപിക അടയാളപ്പെടുത്തിയിരിക്കുകയാണ്.

പ്രശസ്ത താരങ്ങളായ എമിലി ബ്ലണ്ട്, തിമോത്തി ചാലമെറ്റ്, റാമി മാലെക്, റേച്ചല്‍ മക്ആഡംസ്, സ്റ്റാന്‍ലി ടുച്ചി, ഡെമി മൂര്‍ എന്നിവര്‍ക്കൊപ്പമാണ് ദീപിക ക്ലാസ് പങ്കിട്ടത്.

2018ലെ ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ ഇടം നേടിയതു മുതല്‍ ടൈം 100 ഇംപാക്ട് അവാര്‍ഡ് വരെ നീളുന്നു ദീപിക ആഗോള തലത്തില്‍ നേടിയ അംഗീകാരങ്ങള്‍. ഖത്തറില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്തുകൊണ്ട് അവര്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. അതുപോലെ തന്നെ ആഗോള ഫാഷന്‍ ബ്രാന്‍ഡുകളായ ലൂയി വിറ്റോണ്‍, കാര്‍ട്ടിയര്‍ എന്നിവയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുന്ന ആദ്യ ഇന്ത്യക്കാരിയായി ദീപിക മാറി.

അന്താരാഷ്ട്ര അംഗീകരാങ്ങള്‍ക്കൊപ്പം തന്നെ ഇന്ത്യന്‍ സിനിമയിലും ദീപിക തന്റെ ആധിപത്യം തുടരുകയാണ്. അല്ലു അര്‍ജുന്‍ - അറ്റ്‌ലി ബിഗ് ബജറ്റ് ചിത്രത്തില്‍ ദീപികയാണ് ലേഡി സ്റ്റാര്‍. അടുത്തിടെയാണ് ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്തുവന്നത്. അതിന് മുന്‍പ് സന്ദീപ് റെഡ്ഡി വാങ്കയുടെ സ്പിരിറ്റില്‍ നിന്നും ദീപികയുടെ പുറത്തുപോക്ക് വലിയ വിവാദമായിരുന്നു. എട്ട് മണിക്കൂറ് മാത്രമെ ജോലി ചെയ്യൂ എന്ന ദീപികയുടെ ആവശ്യത്തെ സന്ദീപ് സ്വീകരിക്കാത്തതാണ് താരം സിനിമ ഉപേക്ഷിക്കാനുള്ള കാരണം.

SCROLL FOR NEXT