ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ട നായികയാണ് ദീപിക പദുകോൺ. സിനിമക മാത്രമല്ല നടിയുടെ പ്രതികരണങ്ങളും, ഫോട്ടോഷൂട്ടുകളും, സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രൺവീർ സിംഗുമായുള്ള വിവാഹം, ഗർഭകാലം, കുഞ്ഞിന്റെ ജനനം എന്നിങ്ങനെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ദീപികയുടെ പുതിയ റെക്കോർഡാണ് വാർത്തയായിരിക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇൻസ്റ്റഗ്രാം റീൽ ദീപിക പദുക്കോണിൻ്റെത്. ഇൻസ്റ്റഗ്രാമിൽ ദീപിക പങ്കുവെച്ച ഒരു റീൽ 1.9 ബില്യൺ വ്യൂസാണ് നേടിയത്. ആദ്യമായാണ് ഒരു ഇൻസ്റ്റഗ്രാം റീൽ ഇത്രയധികം റീച്ച് നേടുന്നത്. ഹർദിക് പാണ്ഡ്യയുടേയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും റെക്കോഡുകളാണ് ദീപിക തകർത്തത്.
ഹിൽട്ടണിന്റെ 'ഇറ്റ് മാറ്റേഴ്സ് വെയർ യു സ്റ്റേ' കാമ്പയിനിന്റെ ഭാഗമായി പങ്കുവെച്ച റീലാണ് 1.9 ബില്യൺ വ്യൂസ് കടന്നത്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് താരങ്ങളിൽ ഒരാളാണ് ദീപിക. ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി നേടുന്ന ആദ്യ ഇന്ത്യൻ നടിയെന്ന നേട്ടവും ദീപികയ്ക്കുണ്ട്. ഇപ്പോഴിതാ, ഏറ്റവും കൂടുതൽ വ്യൂസ് ഉള്ള ഇൻസ്റ്റഗ്രാം റീലിന്റെ റെക്കോർഡും ദീപികയ്ക്ക് സ്വന്തമായിരിക്കുന്നു.
സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് ദീപിക. ജീവിതത്തിലെ വിശേഷങ്ങളും, സിനിമാ വിശേഷങ്ങളുമെല്ലാം താരം ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. പല അന്താരാഷ്ട്ര ബ്രാന്‍ഡുകളുടേയും അംബാസഡറായ ദീപിക പരസ്യങ്ങളും പോസ്റ്റ് ചെയ്യാനും ഇത് ഉപയോഗിക്കുന്നു. ഇൻസ്റ്റാഗ്രാമിലാണ് കൂടുതൽ കാര്യങ്ങൾ പങ്കുവയ്ക്കുന്നത്. എട്ടുകോടിയിലധികം ആളുകൾ ദീപികയെ ഫോളോ ചെയ്യുന്നുണ്ട്.