ദൃശ്യം 2 ഹിന്ദി പോസ്റ്റർ Source : X
MOVIES

ദൃശ്യം 2 ചൈനീസ് അവകാശം; വഞ്ചനാ കേസില്‍ നിര്‍മാതാവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഡല്‍ഹി കോടതി

രജീന്ദര്‍ കുമാര്‍ ഗോയല്‍ എന്ന വ്യവസായിയില്‍ നിന്ന് ചിത്രത്തിന്റെ വിതരണത്തിനായി 4.3 കോടി കൈപ്പറ്റി വഞ്ചിച്ചുവെന്ന പരാതിയിലാണ് നിര്‍മാതാവ് കുമാര്‍ മംഗത് പതക്കിനെതിരെ കേസ് എടുത്തത്.

Author : ന്യൂസ് ഡെസ്ക്

അജയ് ദേവ്ഗണിന്റെ ദൃശ്യം 2 എന്ന ചിത്രത്തിന്റെ ചൈനീസ് അവകാശവുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ നിര്‍മാതാവ് കുമാര്‍ മംഗത് പതക്കിന് ഡല്‍ഹി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 75 ലക്ഷം രൂപ നിര്‍മാതാവിന് വ്യക്തപരമായി നല്‍കിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ കസ്റ്റഡി ചോദ്യം ചെയ്യല്‍ അനിവാര്യമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് പട്യാല ഹൗസ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സൗരഭ് പ്രതാപ് സിംഗ് ലാലര്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

'അറസ്റ്റ് ചെയ്യപ്പെട്ടാല്‍, അപേക്ഷകനായ കുമാര്‍ മംഗത് പഥക്കിനെ അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥന്റെയോ എസ്എച്ച്ഒയുടെയോ ഐഒയുടെയോ തൃപ്തികരമായ വിധം 1,00,000 രൂപയുടെ ബോണ്ടും തുല്യ തുകയുടെ ആള്‍ജാമ്യവും നല്‍കി ജാമ്യത്തിന് വിടാന്‍ നിര്‍ദേശിക്കുന്നു', എന്ന് കോടതി ഉത്തരവിട്ടു. അതോടൊപ്പം അന്വേഷണവുമായി സഹകരിക്കാന്‍ മംഗതിനോട് നിര്‍ദേശിച്ചു.

രജീന്ദര്‍ കുമാര്‍ ഗോയല്‍ എന്ന വ്യവസായിയില്‍ നിന്ന് ചിത്രത്തിന്റെ വിതരണത്തിനായി 4.3 കോടി കൈപ്പറ്റി വഞ്ചിച്ചുവെന്ന പരാതിയിലാണ് നിര്‍മാതാവ് കുമാര്‍ മംഗത് പതക്കിനെതിരെ കേസ് എടുത്തത്.

പതക്കിന്റെ പനോരമ സ്റ്റുഡിയോയുടെ അംഗീകൃത പ്രതിനിധിയായി വേഷംമാറി ഭാരത് സേവക് എന്ന ഇടനിലക്കാരന്‍ വ്യാജ രേഖകളും തെറ്റായ വിവരങ്ങളും ഉപയോഗിച്ച് കരാര്‍ നേടിയെടുത്തുവെന്ന് ഗോയല്‍ ആരോപിച്ചു. സേവകിന്റെ കമ്പനിയില്‍ നിന്ന് 75 ലക്ഷം രൂപയുടെ ഫണ്ട് പനോരമയിലേക്ക് മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തനിക്ക് വ്യക്തിപരമായി ഒരു പണവും നല്‍കിയിട്ടില്ലെന്നും മറ്റൊരു സിനിമയുമായി ബന്ധപ്പെട്ടാണ് 75 ലക്ഷം രൂപ പനോരമയുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും പതക് പറഞ്ഞു.

SCROLL FOR NEXT