MOVIES

മലയാളികള്‍ക്കും പ്രിയപ്പെട്ട ഡല്‍ഹി ഗണേഷ്

വില്ലനായും സുഹൃത്തായും അച്ഛനായും എല്ലാം അദ്ദേഹം നിരവധി സിനിമകളില്‍ പകര്‍ന്നാടി

Author : ന്യൂസ് ഡെസ്ക്


തെന്നിന്ത്യന്‍ സിനിമയ്ക്ക് തീരാ നഷ്ടമായ വാര്‍ത്തയാണ് ഇന്ന് രാവിലെ പുറത്തുവന്നത്. നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ നാനൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ പോലെ തന്നെ മലയാളത്തിലും ഡല്‍ഹി ഗണേഷ് ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ഒരുപിടി വേഷങ്ങള്‍ അദ്ദേഹം സമ്മാനിച്ചു.

ദേവാസുരം സിനിമയില്‍ അദ്ദേഹത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധേയമാണ്. മോഹന്‍ലാലിനോട് അതായത് മംഗലശേരി നീലകണ്ഠനോട് ഭാനുമതിക്കായി കയര്‍ത്ത് സംസാരിക്കുന്ന പണിക്കരെ മലയാളികള്‍ക്ക് മറക്കാന്‍ ആവില്ല. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ശക്തമായ കഥാപാത്രമായിരുന്ന മംഗലശേരി നീലകണ്ഠനെ ഫ്യൂഡല്‍ തെമ്മാടി എന്ന് വിളിച്ച പണിക്കര്‍ സാറിനെ മലയാളികള്‍ സ്വീകരിച്ചു. അതുപോലെ തന്നെ കാലാപാനിയില പാണ്ടിയന്‍ എന്ന സ്വാതന്ത്ര്യ സമര പോരാളിയെയും അത്രയ്ക്ക് മികവോടെ അവതരിപ്പിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല.


മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പവും ഡല്‍ഹി ഗണേഷ് അഭിനയിച്ചിട്ടുണ്ട്. ധ്രുവം, പോക്കിരി രാജ എന്നീ ചിത്രങ്ങളിലാണ് മമ്മൂട്ടിക്കൊപ്പം അദ്ദേഹം സ്‌ക്രീന്‍ പങ്കിട്ടത്. കൂടുതലും തമിഴ് സിനിമ സീരിയലുകളിലാണ് ഡല്‍ഹി ഗണേഷ് അഭിനയിച്ചതെങ്കിലും കന്നട, ഹിന്ദി, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലും അദ്ദേഹം അഭിനയ മികവുകൊണ്ട് തിളങ്ങി. സപ്പോര്‍ട്ടിംഗ് കഥാപാത്രങ്ങളും കോമഡി റോളുകളുമാണ് അദ്ദേഹം കൂടുതല്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ അപൂര്‍വ്വ സഹോതരര്‍കള്‍ എന്ന തമിഴ് ചിത്രത്തില്‍ അദ്ദേഹം വില്ലനായി വേഷമിട്ടു.

വില്ലനായും സുഹൃത്തായും അച്ഛനായും എല്ലാം അദ്ദേഹം നിരവധി സിനിമകളില്‍ പകര്‍ന്നാടി. രജനികാന്തിനും കമല്‍ഹാസനും വിജയ്കാന്തിനും ഒപ്പം അഭിനയിച്ചു. കമല്‍ ഹാസനൊപ്പം നായകന്‍, അപൂര്‍വ്വ സഹോദരര്‍കള്‍, മാക്കേല്‍ മദന കാമ രാജന്‍, അവൈ ഷണ്‍മുഗി, തെന്നാലി എന്നീ സിനിമകളില്‍ വേഷമിട്ടു. അദ്ദേഹം അവസാനമായി അഭിനയിച്ചതും കമല്‍ ഹാസനൊപ്പം ആയിരുന്നു. ഇന്ത്യന്‍ 2 എന്ന ചിത്രത്തിലൂടെ അദ്ദേഹം അവസാനമായി സ്‌ക്രീനില്‍ പകര്‍ന്നാടി. ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്യാന്‍ ബാക്കിവെച്ചാണ് ഡല്‍ഹി ഗണേഷ് നമ്മോട് വിട പറഞ്ഞത്.



SCROLL FOR NEXT