MOVIES

രണ്ടാം വരവില്‍ ഇരു കൈയ്യും നീട്ടി സ്വീകരണം; ദേവദൂതൻ സ്ക്രീന്‍ കൗണ്ടില്‍ കുതിപ്പ്

മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചതോടെ കൂടുതല്‍ സ്ക്രീനുകളിലേക്ക് പ്രദര്‍ശനം വ്യാപിപ്പിക്കുകയാണെന്ന് നിര്‍മാതാക്കളായ കോക്കേഴ്സ് മീഡിയ എന്‍റര്‍ടൈന്‍മെന്‍റ്സ് അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

'വിശാല്‍ കൃഷ്ണമൂര്‍ത്തിയൂടെ വരവോടെ ഇവിടെ പല അത്ഭുതങ്ങളും സംഭവിക്കും' ദേവദൂതന്‍ സിനിമയിലെ ജനാര്‍ദ്ദനന്‍റെ ഈ ഡയലോഗ് പോലെ രണ്ടാംവരവില്‍ ദേവദൂതന്  വന്‍ വരവേല്‍പ്പ് നല്‍കി പ്രേക്ഷകര്‍. നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തീയേറ്ററുകളിലെത്തിയ മോഹന്‍ലാല്‍-സിബി മലയില്‍ ചിത്രം ആദ്യ ദിനം 56 സ്ക്രീനുകളിലാണ് പ്രദര്‍ശനം ആരംഭിച്ചത്. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചതോടെ കൂടുതല്‍ സ്ക്രീനുകളിലേക്ക് പ്രദര്‍ശനം വ്യാപിപ്പിക്കുകയാണെന്ന് നിര്‍മാതാക്കളായ കോക്കേഴ്സ് മീഡിയ എന്‍റര്‍ടൈന്‍മെന്‍റ്സ് അറിയിച്ചു. നാളെ മുതല്‍ നൂറോളം സ്ക്രീനുകളില്‍ ദേവദൂതന്‍റെ റീ എഡിറ്റഡ് റീ മാസ്റ്റര്‍ വേര്‍ഷന്‍ കാണാനാകും.

കേരളത്തിന് പുറത്ത് കോയമ്പത്തൂര്‍, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും ചിത്രത്തിന് റിലീസ് ഉണ്ട്. ഒപ്പം യുഎഇയിലും ജിസിസിയിലും ചിത്രം വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്തിരുന്നു.

മോഹന്‍ലാല്‍ വിശാല്‍കൃഷ്ണ മൂര്‍ത്തിയായെത്തിയ ചിത്രത്തില്‍ വിദ്യാസാഗര്‍ ഈണമിട്ട ഗാനങ്ങളാണ് പ്രേക്ഷകരെ ഏറ്റവുമധികം ആകര്‍ഷിച്ചിരിക്കുന്നത്. സന്തോഷ് തുണ്ടിയിലിന്‍റെ ഛായാഗ്രഹണ മികവിനും നിറഞ്ഞ കൈയ്യടിയാണ് ആദ്യ ദിനം മുതല്‍ ലഭിക്കുന്നത്. രഘുനാഥ് പലേരിയുടെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 2000-ല്‍ പുറത്തിറങ്ങിയ ചിത്രം അന്ന് പരാജയപ്പെട്ടിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയ സജീവമായ കാലത്ത് സിനിമ വീണ്ടും തീയേറ്ററില്‍ കാണാനുള്ള ആഗ്രഹം ആളുകള്‍ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് റീ റിലീസ് എന്ന ആശയത്തിലേക്ക് നിര്‍മാതാക്കള്‍ എത്തിയത്.

മോഹന്‍ലാലിനൊപ്പം ജയപ്രദ, മുരളി, വിനീത് കുമാര്‍, വിജയലക്ഷ്മി, ശരത്, ജഗദീഷ്, ജനാര്‍ദ്ദനന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സന്തോഷ്‌ സി തുണ്ടിയിൽ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ.ഭൂമിനാഥൻ ആണ്. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം,മികച്ച സംഗീത സംവിധാനം എന്നിവ ഉൾപ്പെടെ മൂന്ന് സംസ്ഥാന അവാർഡുകളാണ് ദേവദൂതനെ തേടി അന്നെത്തിയത്.



SCROLL FOR NEXT