ദേവദൂതന്‍ റീ റിലീസ് വിജയത്തിന് പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ സിബി മലയില്‍. വിദ്യാസാഗറിന്‍റെ സംഗീതത്തില്‍ ഒരുക്കുന്ന ചിത്രം സിയാദ് കോക്കര്‍ നിര്‍മിക്കും. കൊച്ചിയില്‍ നടന്ന ദേവദൂതന്‍റെ സക്സസ് മീറ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഈ എവര്‍ഗ്രീന്‍ കോംബോയുടെ തിരിച്ചുവരവ് സിബി മലയില്‍ പ്രഖ്യാപിച്ചത്.
സിനിമയുടെ കഥ മനസിലുണ്ട്, സംഗീതത്തിന് പ്രധാന്യമുള്ള സിനിമയാകും ഒരുക്കുകയെന്നും സിബി മലയില്‍ പറഞ്ഞു. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ സിനിമയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ദേവദൂതന്‍റെ റീ മാസ്റ്റേര്‍ഡ്, റീ എഡിറ്റഡ് വേര്‍ഷന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. വിദ്യാസാഗര്‍ ഈണമിട്ട സിനിമയിലെ ഗാനങ്ങള്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷവും നിരവധി ആരാധകരാണുള്ളത്. 2000-ല്‍ റിലീസ് ചെയ്ത പതിപ്പില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രം വീണ്ടും പ്രേക്ഷകരിലെത്തിയിരിക്കുന്നത്.
റിലീസ് ചെയ്ത കാലത്ത് സാമ്പത്തികമായി വിജയിക്കാതെ പോയ സിനിമ സോഷ്യല്‍ മീഡിയ സജീവമായ കാലത്ത് സിനിമ കൂട്ടായ്മകളില്‍ ചര്‍ച്ചയായിരുന്നു. ദേവദൂതന്‍റെ നന്മയെ തിരിച്ചറിഞ്ഞത് പുതിയ തലമുറയാണ് അവരോട് നന്ദി പറയുന്നുവെന്ന് സിബി മലയില്‍ പ്രതികരിച്ചു. സിനിമയിലെ ജഗതി ശ്രീകുമാറിന്‍റെ കോമഡി രംഗങ്ങള്‍ അന്നത്തെ വിപണന സാധ്യതകൾക്ക് വേണ്ടി ഉൾപ്പെടുത്തിയത് മാത്രം ആയിരിന്നുവെന്നും അതിനാലാണ് ഒഴിവാക്കിയതെന്നും സിബി മലയില്‍ വ്യക്തമാക്കി. കഥയില്‍ ആവശ്യമില്ലാത്ത അത്തരത്തിലുള്ള പല രംഗങ്ങളും റീ എഡിറ്റില്‍ ഒഴിവാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിച്ചവരെ ഉയര്‍ത്തെഴുനേല്‍പ്പിക്കും പോലെയാണ് ദേവദൂതന്‍റെ വിജയമെന്നും കുപ്പത്തൊട്ടിയിൽ കളഞ്ഞ സിനിമ മാണിക്യമായി തിരിച്ചു വന്നെന്നും സിബി മലയില്‍ പറഞ്ഞു.
അതേസമയം, ദേവദൂതന്‍ നാഷണല്‍ അവാര്‍ഡിനായി പരിഗണിക്കണമെന്ന് നിര്‍മാതാവ് സിയാദ് കോക്കര്‍ പറഞ്ഞു. സിബി മലയിലും വിദ്യാസാഗറും ക്യാമറാമാന്‍ സന്തോഷ് തുണ്ടിയിലും അതിന് അര്‍ഹരാണ്. അവാര്‍ഡിന് പരിഗണിക്കുന്നതില്‍ നിയമ തടസം ഉണ്ടെങ്കിൽ അതിനെ മറികടന്നും അവാർഡിനായി പോകും. നിയമങ്ങൾ എതിരാണെങ്കിൽ ഭേദഗതി ചെയ്യാൻ വഴിയുണ്ടോ എന്ന് പരിഗണിക്കുമെന്നും സിയാദ് കോക്കര്‍ പറഞ്ഞു.