MOVIES

ആദ്യ ദിന കളക്ഷനില്‍ 172 കോടിയുമായി ദേവര; ജൂനിയര്‍ എന്‍ടിആറിന് ഞെട്ടിക്കുന്ന പ്രതിഫലം

കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രം എന്‍ടിആര്‍ ആര്‍ട്സും യുവസുധ ആര്‍ട്സും ചേര്‍ന്ന് വലിയ മുതല്‍ മുടക്കിലാണ് നിര്‍മിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഓപ്പണിങ് ഡേ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ജൂനിയര്‍ എന്‍ടിആറിന്‍റെ ദേവര പാര്‍ട് വണ്‍. കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രം എന്‍ടിആര്‍ ആര്‍ട്സും യുവസുധ ആര്‍ട്സും ചേര്‍ന്ന് വലിയ മുതല്‍ മുടക്കിലാണ് നിര്‍മിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും അടക്കം വമ്പന്‍ താരനിരയാണ് ഈ മാസ് ആക്ഷന്‍ സിനിമയില്‍ അണിനിരക്കുന്നത്.

ആഗോള ബോക്സ് ഓഫീസില്‍ 172 കോടിയും ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 77 കോടി രൂപയാണ് ചിത്രം നേടിയത്. സാക്നിക് ഡോട്ട് കോമിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 68.6 കോടി രൂപ തെലുങ്കില്‍ നിന്ന് മാത്രം നേടിയിട്ടുണ്ട്. ഹിന്ദി 7 കോടി, തമിഴ് 80 ലക്ഷം, കന്നട 30 ലക്ഷം, മലയാളം 30 ലക്ഷം എന്നിങ്ങനെയാണ് കളക്ഷന്‍.

ദേവരയില്‍ അഭിനയിച്ച താരങ്ങള്‍ക്ക് ലഭിച്ച പ്രതിഫല വിവരങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു. ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് പുറത്തുവിട്ട കണക്ക് അനുസരിച്ച് നായകന്‍ ജൂനിയര്‍ എന്‍ടിആറിനാണ് ഏറ്റവുമധികം പ്രതിഫലം ലഭിച്ചിരിക്കുന്നത്. 60 കോടി രൂപയാണ് താരത്തിന് പ്രതിഫലമായി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആര്‍ആര്‍ആര്‍ നേടിയ വമ്പന്‍ വിജയത്തിന് പിന്നാലെ നടന്‍റെ പ്രതിഫലവും ഉയര്‍ന്നിരുന്നു. ദേവര സിനിമയുടെ മൊത്തം ബജറ്റിന്‍റെ 20 ശതമാനത്തോളം വരും നായകന്‍റെ പ്രതിഫലം.

ബോളിവുഡില്‍ നിന്ന് ആദ്യമായി ദക്ഷിണേന്ത്യന്‍ സിനിമയുടെ ഭാഗമാകുന്ന നായിക ജാന്‍വി കപൂറിന് 5 കോടിയാണ് പ്രതിഫലം. ആദ്യം 3.5 കോടിയാണ് പ്രതിഫലമായി നിശ്ചയിച്ചിരുന്നതെങ്കിലും വര്‍ധിച്ചുവരുന്ന ജാന്‍വിയുടെ ജനപ്രീതി സിനിമയ്ക്ക് ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് പ്രതിഫലം ഉയര്‍ത്തിയത്. ചിത്രത്തിലെ 'ചുട്ടമല്ലെ', 'ദാവൂദി' തുടങ്ങിയ ഗാനങ്ങളിലെ ജാന്‍വിയുടെ നൃത്തം വൈറലായിരുന്നു

നായകനോളം പോന്ന വില്ലനാണ് ഇപ്പോള്‍ ഏതൊരു മാസ് സിനിമയുടെയും വിജയഫോര്‍മുല. ദേവരയില്‍ ജൂനിയര്‍ എന്‍ടിആറിന് വില്ലനാകാന്‍ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെയാണ് അണിയറക്കാര്‍ തെരഞ്ഞെടുത്തത്. മികച്ച താരമൂല്യമുള്ള സെയ്ഫിന് 13 കോടി രൂപ പ്രതിഫലമായി ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.

സഹതാരങ്ങളായ പ്രകാശ് രാജിന് 1.5 കോടിയും ശ്രീകാന്ത് മേക്കയ്ക്ക് 50 ലക്ഷവും മുരളീ ശര്‍മ്മയ്ക്കും നരേനും 40 ലക്ഷം വീതവും പ്രതിഫലവും ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.

SCROLL FOR NEXT