തമിഴ് സിനിമയിൽ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച വെട്രിമാരൻ-ധനുഷ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. 'തമിഴ് മുരുകൻ' ആണ് ഈ കോംബോയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. കഴിഞ്ഞ ദിവസം സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'പൊല്ലാതവൻ', 'ആടുകളം', 'വട ചെന്നൈ', 'അസുരൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഒരാൾ ആനപ്പുറത്തേറി ഒരു യുദ്ധക്കളത്തിലേക്ക് എത്തുന്ന ദൃശ്യമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ആളുകൾ ഇദ്ദേഹത്തെ വളയുന്നതായി വീഡിയോയിൽ കാണാം. എന്നാൽ ഇതിൽ നായകന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല. "നിത്യനായ സംരക്ഷകൻ, പോരാളി, തമിഴ് ജനതയുടേയും മണ്ണിന്റെയും മന്നനും നേതാവും," എന്നാണ് പോസ്റ്ററിനൊപ്പം അണിയറപ്രവർത്തകർ കുറിച്ചിരിക്കുന്നത്. ഇതൊരു ഇതിഹാസ പുരാണ ചിത്രമായിരിക്കും എന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചന.
അറിവുമതി തിരക്കഥയൊരുക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് സായ് അഭ്യങ്കർ ആണ്. ധനുഷിന്റെ വുന്ദർബാർ ഫിലിംസും പ്രൊഡക്ഷൻ മൈൽസ് ടു ഗോയും ചേർന്നാണ് നിർമാണം. ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചും മറ്റ് താരങ്ങളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ് .
സിലമ്പരശൻ നായകനാകുന്ന 'അരസൻ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് നിലവിൽ വെട്രിമാരൻ. 2024ൽ പുറത്തിറങ്ങിയ 'വിടുതലൈ പാർട്ട് 2' ആണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം.
അതേസമയം, ശിവകാർത്തികേയൻ നായകനായ 'അമരൻ' എന്ന സൂപ്പർ ഹിറ്റിന് ശേഷം രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന 'ഓം ചാപ്റ്റര്‍ : ഉധിരം' ആണ് ധനുഷിന്റെ വരാനിരിക്കുന്ന ചിത്രം. ഒക്ടോബർ 15ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. മമ്മൂട്ടി, നസീറുദ്ദീൻ ഷാ, സായ് പല്ലവി, ശ്രീലീല എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.