ധനുഷ്, മമ്മൂട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓം ചാപ്റ്റര്‍ 1: ഉദിരം'. സായ് അഭ്യങ്കർ ചിട്ടപ്പെടുത്തിയ ചിത്രത്തിലെ രണ്ടാം ഗാനം ഇന്നെത്തും. 'വീഴാ വീര' എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിടുന്നത്. ധനുഷ് ആണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. നവംബർ 20ന് 'ഓം' ആഗോളതലത്തിൽ തിയേറ്ററുകളിലേക്കെത്തും.
ധനുഷിനൊപ്പം ബർമ കാർത്തികേയൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മമ്മൂട്ടിയുടെ ജന്മദിനത്തിൽ പുറത്തുവിട്ട ക്യാരക്ടർ ഗ്ലിംപ്സ് വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എട്ട് വർഷത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് 'ഓം'.
ചിത്രം ഒക്ടോബര്‍ 16ന് തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, രജനികാന്ത് ചിത്രം 'ജയിലർ 2'വുമായി ക്ലാഷ് ഒഴിവാക്കിനായി റിലീസ് തീയതി മാറ്റുകയായിരുന്നു.
ശിവകാർത്തികേയൻ നായകനായ 'അമരൻ' എന്ന സൂപ്പർ ഹിറ്റിന് ശേഷം ദേശീയ അവാർഡ് ജേതാവ് രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓം'. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുന്നത്. മമ്മൂട്ടിക്ക് പുറമേ നസീറുദ്ദീന്‍ ഷായും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. 32 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും നസീറുദ്ദീന്‍ ഷായും സ്ക്രീനിൽ ഒന്നിക്കുന്നത്.
സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ശ്രീലീലയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആർടേക്ക് സ്റ്റുഡിയോസുമായി ചേർന്ന് ധനുഷിന്റെ ഉടമസ്ഥതയിലുള്ള വുന്ദർബാർ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്.