MOVIES

'വേരുകളുമായി ബന്ധപ്പെട്ടിരിക്കുക'; ആരാധകർക്കായി ഇഡ്‌ലി കടൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റ‍ർ പുറത്തുവിട്ട് ധനുഷ്

പിരീഡ് ഡ്രാമ വിഭാ​ഗത്തിൽപെടുന്ന സിനിമിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ധനുഷാണ്

Author : ന്യൂസ് ഡെസ്ക്

ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇഡ്‌ലി കടൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റ‍ർ എത്തി. പിരീഡ് ഡ്രാമ വിഭാ​ഗത്തിൽപെടുന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ധനുഷാണ്. ആരാധക‍ർക്കുള്ള പുതുവത്സര സമ്മാനമായി അപ്രതീക്ഷിതമായാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ‍ര്‍ ധനുഷ് പുറത്തുവിട്ടത്.


രണ്ട് പോസ്റ്ററുകളാണ് ചിത്രത്തിന്റേതായി പുറത്തുവന്നിരിക്കുന്നത്. ഒന്നിൽ പക്വതയുള്ള ഒരു കുടുംബനാഥനായാണ് ധനുഷിനെ അവതരിപ്പിച്ചിരിക്കുന്നത്. മറ്റൊന്നിൽ രാജ് കിരണിനൊപ്പം നിൽക്കുന്ന യുവാവായ ധനുഷിന്റെ കഥാപാത്രത്തെയും കാണാം. 'ഇഡ്‌ലി കടൈ ഫസ്റ്റ് ലുക്ക്, നിങ്ങളുടെ വേരുകളുമായി ബന്ധപ്പെട്ടിരിക്കുക' എന്ന കുറിപ്പോടെയാണ് ധനുഷ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ‍ർ പങ്കുവെച്ചത്.

ചിത്രം 2025 ഏപ്രിൽ 10 ന് തിയേറ്ററുകളിൽ എത്തും. നിത്യ മേനോനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ധനുഷും നിത്യ മോനോനും ചേ‍ർന്ന് അവസാനം അഭിനയിച്ച 'തിരുചിത്രമ്പലം' എന്ന ചിത്രം വന്‍ വിജയമായിരുന്നു. ഈ സിനിമയിലെ പ്രകടനത്തിന് നിത്യ മേനോന് ദേശീയ അവാർഡും ലഭിച്ചിരുന്നു. രാജ് കിരൺ, ശാലിനി പാണ്ഡെ, അരുൺ വിജയ്, എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


'ഇഡ്‌ലി കടൈ' കൂടാതെ 'നിലവുക്ക് എൻ മേൽ എന്നടി കോപം' എന്ന ചിത്രവും ധനുഷിന്റെ സംവിധാനത്തിൽ 2025 ൽ തിയേറ്ററുകളിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ്. പവർ പാണ്ടിയാണ് ഇതിന് മുൻപ് നടൻ സംവിധാനം ചെയ്ത ചിത്രം.

SCROLL FOR NEXT