കുബേര പോസ്റ്റർ Source : Facebook
MOVIES

''കോടി കോടി എന്ന് പറഞ്ഞാല്‍ എത്രയാണ്?''; ധനുഷിന്റെ കുബേര ട്രെയ്‌ലര്‍ എത്തി

തെലുങ്ക് താരം നാഗാര്‍ജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്മിക മന്ദാനയാണ്.

Author : ന്യൂസ് ഡെസ്ക്

നടന്‍ ധനുഷിനെ നായകനാക്കി തെലുങ്ക് സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ ശേഖര്‍ കമ്മൂല ഒരുക്കിയ ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം 'കുബേര' യുടെ ട്രെയ്ലര്‍ പുറത്ത്. ജൂണ്‍ 20 ന് ആഗോള റിലീസായി എത്തുന്ന ചിത്രം വമ്പന്‍ റിലീസായി കേരളത്തില്‍ എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്. സുനില്‍ നാരംഗ്, പുസ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗാണ്. തെലുങ്ക് താരം നാഗാര്‍ജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്മിക മന്ദാനയാണ്.

''കോടി കോടി എന്ന് പറഞ്ഞാല്‍ എത്രയാണ്?'' എന്ന ധനുഷിന്റെ ചോദ്യത്തിലാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. ഒരു ഭിക്ഷക്കാരന്റെ വേഷത്തിലാണ് താരം സിനിമയില്‍ എത്തുന്നത്. അദ്ദേഹത്തിന്റേത് സമൂഹത്തിന്റെ നിലവിലുള്ള ഘടനയെ വെല്ലുവിളിക്കുന്ന കഥാപാത്രമാണ്. നാഗര്‍ജുന പണവും അധികാരവുമാണ് രാജ്യത്തിന്റെ എല്ലാം എന്ന് പറഞ്ഞുവെക്കുന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഈ രണ്ട് കഥാപാത്രങ്ങളുടെയും ആശയങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് സിനിമ പറഞ്ഞുവെക്കുന്നത്.

വമ്പന്‍ കാന്‍വാസില്‍ ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് കഥ പറയുക എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ തരുന്നത്. പ്രണയം, ആക്ഷന്‍, ഡ്രാമ, പ്രതികാരം എന്നിവയെല്ലാം ഉള്‍പ്പെടുത്തി, അതീവ വൈകാരികമായ കഥാസന്ദര്‍ഭങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്നും ട്രെയ്ലര്‍ കാണിച്ചു തരുന്നുണ്ട്. ചിത്രത്തിന്റെ ഒരു ടീസറും, ഗാനങ്ങളും ഇതിന് മുമ്പ് പുറത്ത് വരികയും മികച്ച ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പ്രശസ്ത നടന്മാരായ ജിം സര്‍ഭും, ദലിപ് താഹിലും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്ന 'കുബേര' ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും.

ഛായാഗ്രഹണം - നികേത് ബൊമ്മി, എഡിറ്റര്‍ - കാര്‍ത്തിക ശ്രീനിവാസ് ആര്‍, സംഗീതം - ദേവിശ്രീ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈന്‍ - തൊട്ട ധരണി, പിആര്‍ഒ ശബരി.

SCROLL FOR NEXT