ധനുഷ്  Source : X
MOVIES

"രാഞ്ജനയുടെ ആത്മാവിനെ ഇല്ലാതാക്കി"; എഐ ഉപയോഗിച്ച് റീ റീലിസിന്റെ ക്ലൈമാക്‌സ് മാറ്റിയതില്‍ അതൃപ്തി അറിയിച്ച് ധനുഷ്

എഐ ഉപയോഗിച്ച് രാഞ്ജനയുടെ ക്ലൈമാക്‌സ് മാറ്റിയതിന് പിന്നാലെ സംവിധായകരുടെ കാഴ്ച്ചപാടിനെ മാറ്റുന്നതിനുള്ള അപകടകരമായ മാതൃകയാണ് ഇത് സൃഷ്ടിക്കുന്നതെന്ന് ആനന്ദ് എല്‍ റായ് നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

Author : ന്യൂസ് ഡെസ്ക്

എഐ ഉപയോഗിച്ച് റീറിലീസ് ചെയ്ത രാഞ്ജന എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തിയതില്‍ പ്രതിഷേധം രൂക്ഷമാകുന്നു. സംവിധായകന്‍ ആനന്ദ് എല്‍ റായിക്ക് പിന്നാലെ നടന്‍ ധനുഷും വിമര്‍ശനവുമായി രംഗത്തെത്തി. പുതിയ ക്ലൈമാക്‌സ് സിനിമയുടെ ആത്മാവിനെ ഇല്ലാതാക്കിയെന്നാണ് ധനുഷ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞത്.

ഞായറാഴ്ച്ചയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് താരം അതൃപ്തി അറിയിച്ചത്.

"എഐയിലൂടെ മാറ്റം വരുത്തിയ ക്ലൈമാക്‌സോടെയുള്ള രാഞ്ജനയുടെ റീ റിലീസ് എന്നെ പൂര്‍ണമായും അസ്വസ്ഥനാക്കി. ഈ ക്ലൈമാക്‌സ് സിനിമയുടെ ആത്മാവിനെ തന്നെ ഇല്ലാതാക്കി. എന്റെ വ്യക്തമായ എതിര്‍പ്പ് അവഗണിച്ച് ബന്ധപ്പെട്ട കക്ഷികള്‍ അത് മുന്നോട്ട് കൊണ്ടു പോയി", ധനുഷ് കുറിച്ചു.

"12 വര്‍ഷം മുന്‍പ് ഞാന്‍ കരാര്‍ ഒപ്പിട്ട സിനിമയല്ല ഇത്. സിനിമകളിലോ ഉള്ളടക്കത്തിലോ മാറ്റം വരുത്താന്‍ എഐ ഉപയോഗിക്കുന്നത് കലയ്ക്കും കലാകാരന്മാര്‍ക്കും ഒരുപോലെ ആശങ്കജനകമായ കാര്യമാണ്. കഥ പറച്ചിലിന്റെ സമഗ്രതയെയും സിനിമയുടെ പൈതൃകത്തെയും ഇത് ഭീഷണിപ്പെടുത്തുന്നു. ഭാവിയില്‍ ഇത്തരം രീതികള്‍ തടയുന്നതിന് കര്‍ശനമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു", എന്നും ധനുഷ് കൂട്ടിച്ചേര്‍ത്തു.

2013-ല്‍ പുറത്തിറങ്ങിയ രാഞ്ജന എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ ധനുഷിന്റെ കഥാപാത്രം കുന്ദന്‍ മരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ എഐയിലൂടെ നിര്‍മിച്ച ക്ലൈമാക്‌സില്‍ കുന്ദന്‍ മരിക്കുന്നില്ല.

ഇറോസും സംവിധായകന്‍ ആനന്ദ് എല്‍ റായിയും തമ്മിലുള്ള വാക്ക് പോരാട്ടം രൂക്ഷമായതിനെ തുടര്‍ന്നാണ് ധനുഷ് പ്രസ്താവനയുമായി എത്തിയത്. ജൂലൈ 29ന് ഇറോസ് സ്റ്റുഡിയോസ് എഐ ഉപയോഗിച്ച് ക്ലാമാക്‌സ് മാറ്റിയതിനെ ന്യായീകരിച്ച് ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. അതില്‍ ആനന്ദ് തന്റെ വരാനിരിക്കുന്ന ചിത്രമായ തേരേ ഇഷ്‌ക് മേനില്‍ രാഞ്ജനയുടെ ബൗദ്ധിക സ്വത്തവകാശം അനധികൃതമായി ഉപയോഗിച്ചതായി ആരോപിച്ചിരുന്നു.

എഐ ഉപയോഗിച്ച് രാഞ്ജനയുടെ ക്ലൈമാക്‌സ് മാറ്റിയതിന് പിന്നാലെ സംവിധായകരുടെ കാഴ്ച്ചപാടിനെ മാറ്റുന്നതിനുള്ള അപകടകരമായ മാതൃകയാണ് ഇത് സൃഷ്ടിക്കുന്നതെന്ന് ആനന്ദ് എല്‍ റായ് നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ക്ലൈമാക്‌സ് മാറ്റുന്നതിന് മുമ്പ് ഇറോസ് അനുമതി വാങ്ങിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

SCROLL FOR NEXT