ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ഇഡ്‌ലി കടൈ എന്നാണ് ചിത്രത്തിന്റെ പേര്. ധനുഷ് തന്നെയാണ് പോസ്റ്റര്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ധനുഷ് തന്നെയാണ്. ധനുഷിന്റെ 52-മത്തെ ചിത്രമാണിത്.
അതേസമയം ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഇഡ്‌ലി കടൈ. പാ പാണ്ഡി (2017), രായന്‍ (2024), നിലവുക്ക് എന്‍ മേല്‍ എന്നടി കോപം എന്നീ ചിത്രങ്ങളാണ് ധനുഷ് ഇതിന് മുമ്പ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഇഡ്‌ലി കടൈ എന്ന ചിത്രത്തില്‍ നിത്യാ മേനോന്‍ ആയിരിക്കും നായികയെന്നാണ് സൂചന. കിരണ്‍ കൗഷിക് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ പ്രസന്ന ജി.കെയാണ്.
ആകാശ് ഭാസ്‌കരന്റെ ഡോണ്‍ പിക്‌ച്ചേഴ്‌സും ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജൈന്റ് മൂവീസും ചിത്രത്തിന്റെ ഭാഗമാണ്. ധനുഷിന് പുറമെ ചിത്രത്തില്‍ അരുണ്‍ വിജയ്, അശോക് സെല്‍വന്‍, സത്യരാജ്, രാജ് കിരണ്‍ എന്നിവരും അണിനിരക്കുന്നുണ്ടെന്നാണ് സൂചന. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.