മുംബൈ: ബോളിവുഡ് ഇതിഹാസം ധർമേന്ദ്രയുടെ അവസാനമായി അഭിനയിച്ച ചിത്രങ്ങളിൽ ഒന്നാണ് 'ഇക്കിസ്'. ശ്രീറാം രാഘവൻ സംവിധാനം ചെയ്ത സിനിമയിൽ അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദയാണ് നായകൻ. ബോളിവുഡ് ഇതിഹാസം വിടവാങ്ങുന്നതിന് മണിക്കൂറുകൾക്ക് മുന്‍പാണ് സിനിമയിലെ ധർമേന്ദ്രയുടെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
1971 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ, ബസന്തറിലെ പോരാട്ടത്തിൽ വീരമൃത്യു വരിച്ച 21 വയസുകാരൻ സെക്കൻഡ് ലെഫ്റ്റനന്റ് അരുൺ ഖേതർപാലിന്റെ ജീവിതകഥയാണ് 'ഇക്കിസ്' പറയുന്നത്. മരണാനന്തരം പരമവീരക്രം നൽകി ആദരിച്ച ഈ സൈനികന്റെ വേഷത്തിലാണ് അഗസ്ത്യ നന്ദ എത്തുന്നത്. ഈ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അരുണ്‍ ഖേതർപാല്‍. സിനിമയിൽ അഗസ്ത്യയുടെ പിതാവിന്റെ റോളിലാണ് ധർമേന്ദ്ര എത്തുന്നത്.
'പിതാക്കന്മാർ മക്കളെ വളർത്തുന്നു, ഇതിഹാസങ്ങൾ രാഷ്ട്രങ്ങളെ വളർത്തുന്നു' എന്ന അടിക്കുറിപ്പോടെയാണ് അണിയറപ്രവർത്തകർ ധർമേന്ദ്രയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്. 'കാലാതീതമായ ഇതിഹാസം' എന്നാണ് ക്യാപ്ഷനിൽ 'ഇക്കിസി'ന്റെ അണിയറപ്രവർത്തകർ ധർമേന്ദ്രയെ വിശേഷിപ്പിച്ചത്.
ഡിസംബർ എട്ടിന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെ ആണ് ധർമേന്ദ്രയുടെ വിയോഗം. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. 300ഓളം സിനിമകളിൽ അഭിനയിച്ചു. പലതും ഐക്കോണിക് വേഷങ്ങൾ. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.