MOVIES

DHOOM 4 | ഷാരൂഖ് ഖാനോ രണ്‍ബീര്‍ കപൂറോ ? ആരാകും ധൂം 4 ലെ വില്ലന്‍; ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധൂം സീരിസിലെ അടുത്ത ഭാഗം ഉടന്‍ പ്രഖ്യാപിക്കുമെന്ന ചര്‍ച്ചകളും ഇതോടെ സോഷ്യല്‍ മീഡിയയില്‍ സജീവമായി

Author : ന്യൂസ് ഡെസ്ക്



ബോളിവുഡ് സിനിമയില്‍ സീക്വലുകള്‍ക്ക് നല്ല സമയമാണെന്ന സൂചനയാണ് ഇപ്പോഴുള്ളത്. ശ്രദ്ധാ കപൂര്‍ നായികയായെത്തിയ ഹൊറര്‍ കോമഡി ചിത്രം സ്ത്രീയുടെ രണ്ടാം ഭാഗത്തിന് ലഭിച്ച മികച്ച പ്രതികരണമാണ് രണ്ടാം ഭാഗങ്ങളുടെ സാധ്യതകളിലേക്ക് ബോളിവുഡ് ആരാധകരെ എത്തിച്ചിരിക്കുന്നത്. സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധൂം സീരിസിലെ അടുത്ത ഭാഗം ഉടന്‍ പ്രഖ്യാപിക്കുമെന്ന ചര്‍ച്ചകളും ഇതോടെ സോഷ്യല്‍ മീഡിയയില്‍ സജീവമായി. ബോളിവുഡിലെ ആക്ഷന്‍ സിനിമകളില്‍ ധൂം സീരിസ് ചിത്രങ്ങള്‍ക്ക് വലിയ ഫാന്‍ബേസുണ്ട്. അഭിഷേക് ബച്ചന്‍ , ജോണ്‍ എബ്രഹാം, ഹൃത്വിക് റോഷന്‍, ആമിര്‍ ഖാന്‍ തുടങ്ങിയ മുന്‍ നിര ബോളിവുഡ് നായകന്മാര്‍ ഇതിനോടകം ധൂം ഫ്രാഞ്ചൈസിയുടെ ഭാഗമായി കഴിഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ധൂം നാലാം ഭാഗത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി ആരാധകര്‍ നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസില്‍ നിന്ന് കാത്തിരിക്കുകയാണ്. എന്നാല്‍ ഔദ്യോഗികമായി ഇതിനെ കുറിച്ച് പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നില്ലെങ്കിലും ധൂം ഫോറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അണിയറയില്‍ സജീവമായി നടക്കുന്നുണ്ടെന്നാണ് പുതിയ വിവരം.

ധൂം സിനിമകളുടെ ശ്രദ്ധാകേന്ദ്രമായ വില്ലന്‍ വേഷങ്ങളിലേക്ക് ഇതുവരെ ഒന്നിനൊന്ന് മികച്ച അഭിനേതാക്കളെയാണ് യഷ് രാജ് ഫിലിംസ് തെരഞ്ഞെടുത്തിട്ടുള്ളത്. നാലാം ഭാഗം പുറത്തുവരുന്നെങ്കില്‍ ഒരു ഗംഭീര വില്ലനെ തന്നെ അവര്‍ക്ക് അവതരിപ്പിക്കേണ്ടി വരും.

നിര്‍മാതാക്കള്‍ പലപേരുകളും പരിഗണിക്കുന്നുണ്ടെങ്കിലും ഷാരൂഖ് ഖാനെയും രണ്‍ബീര്‍ കപൂറിനെയുമാണ് ആരാധകര്‍ വില്ലന്‍ കഥാപാത്രമായി പ്രതീക്ഷിക്കുന്നത്. വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും അനിമല്‍ സിനിമയിലൂടെ നേടിയ പ്രഭാവം രണ്‍ബീറിന് ഗുണം ചെയ്യുമെന്നാണ് ഒരു കൂട്ടം ആരാധകരുടെ വാദം. പുതിയ തലമുറയില്‍ രണ്‍ബീറിനോളം ഈ കഥാപാത്രം യോജിക്കുന്ന മറ്റൊരു നടന്‍ ഇല്ലെന്നാണ് ഇവരുടെ പക്ഷം.

പത്ത് വര്‍ഷത്തിന് ശേഷം ധൂം സീരിസിന് ഒരു വമ്പന്‍ തിരിച്ചുവരവ് നടത്താന്‍ കഴിയണമെങ്കില്‍ ഷാരൂഖ് ഖാനെ പോലെ ഒരു താരത്തിന്‍റെ സാന്നിധ്യം ആവശ്യമാണെന്ന് ഷാരൂഖ് ഫാന്‍സും വാദിക്കുന്നു. പത്താന്‍, ജവാന്‍ തുടങ്ങിയ ആക്ഷന് പ്രാധാന്യമുള്ള സിനിമകളിലെ അടുത്ത കാലത്തെ പ്രകടനമാണ് ധൂം 4-ല്‍ വില്ലനാകാന്‍ ഷാരൂഖിനെ ആരാധകര്‍ തെരഞ്ഞെടുക്കാനുള്ള കാരണമായി പറയുന്നത്.

SCROLL FOR NEXT