പുതിയ ചിത്രമായ ആപ് കൈസേ ഹോയുടെ പ്രമോഷന്‍ പരിപാടിക്കിടെ യൂട്യൂബറോട് പൊട്ടിത്തെറിച്ച് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. നിര്‍മാതാക്കള്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനായി സിനിമ ചെയ്യുന്നതുകൊണ്ടാണ് ധ്യാന്‍ ശ്രീനിവാസന് നിരന്തരം സിനിമകള്‍ ലഭിക്കുന്നതെന്നായിരുന്നു യൂട്യൂബറുടെ പരാമര്‍ശം. നല്ല സിനിമകള്‍ ചെയ്ത് കാണാനാണ് പ്രേക്ഷകനെന്ന നിലയില്‍ താത്പര്യമെന്നും യൂട്യൂബര്‍ പറഞ്ഞു.
യൂട്യൂബിന് കീഴില്‍ വരുന്ന കമന്റുകളില്‍ സിനിമ കള്ളപ്പണം വെളുപ്പിക്കാനായി നിര്‍മാതാക്കള്‍ എടുക്കുന്നതാണെന്ന് പറയുന്നുണ്ടെന്നും യൂട്യൂബര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആദ്യം നര്‍മത്തോടെ തന്നെ മറുപടി പറഞ്ഞിരുന്ന ധ്യാന്‍ പൊടുന്നനെ ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു.
'ഞാന്‍ സിനിമയെ എങ്ങനെയാണ് കാണേണ്ടതെന്ന് എന്ന് നീ ആണോ പഠിപ്പിച്ച് തരുന്നത്? നീ വളരെ ഗൗരവത്തോടെയല്ലേ തന്റെ പ്രൊഫഷനെ കാണുന്നത്, അതേ ഗൗരവത്തോടെയാണ് ഞാനും ഈ പ്രൊഫഷനെ കാണുന്നതെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. യൂട്യൂബില്‍ വരുന്ന കമന്റ് നോക്കിയാണോ ഇത്തരം ചോദ്യം ചോദിക്കുന്നത്? അതല്ലാതെ സിനിമയെക്കുറിച്ച് എന്തെങ്കിലും അറിഞ്ഞിട്ടാണോ ചോദിക്കുന്നത്? ഇല്ലെങ്കില്‍ മിണ്ടരുത്,' ധ്യന്‍ ശ്രീനിവാസന്‍ പറഞ്ഞു.
ആള്‍ക്കാരെ വെറുപ്പിക്കാതിരിക്കുന്നത് കൊണ്ടാണ് തനിക്ക് സിനിമ ലഭിക്കുന്നത്. വെറുപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചാല്‍ സിനിമയുണ്ടാവില്ല. ഇവിടെ വേണ്ടത് ഹിറ്റ് പടം ചെയ്യല്‍ ഒന്നുമല്ല. അച്ചടക്കം, മര്യാദ, എവിടെ എന്ത് സംസാരിക്കണം എന്ന് തിരിച്ചറിയല്‍, പിന്നെ വെറുപ്പിക്കാതിരിക്കല്‍. നീ ചെയ്തുകൊണ്ടിരിക്കുന്നത് വെറുപ്പിക്കല്‍ ആണ്. ഇത്രയും പേര്‍ പറഞ്ഞിട്ടും നീ വെറുപ്പിച്ചു, ഇത്രയും ആള്‍ക്കാരെ വെറുപ്പിച്ചു എന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.