എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിലെ ഏറ്റവും അപ്രതീക്ഷിതമായ പുരസ്കാരമായിരുന്നു നിത്യ മേനനെ മികച്ച നടിയായി തെരഞ്ഞെടുത്തത്. ധനുഷ് നായകനായെത്തിയ തിരുച്ചിട്രമ്പലത്തിലെ ശോഭ എന്ന കഥാപാത്രമാണ് നിത്യയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. പൊതുവെ ഇത്തരം എന്‍റര്‍ടെയ്ന്‍ര്‍ സിനിമകളിലെ പ്രകടനങ്ങള്‍ ദേശീയ പുരസ്കാരങ്ങള്‍ക്ക് പരിഗണിക്കുന്നത് അപൂര്‍വമായതിനാല്‍ നിത്യയുടെ അവാര്‍ഡിനെ വിമര്‍ശിച്ചും ചോദ്യം ചെയ്തും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ രൂപപ്പെട്ടിരുന്നു.
ഗാര്‍ഗി സിനിമയിലെ സായി പല്ലവിയുടെ പ്രകടനമാണ് ദേശീയ പുരസ്കാരത്തിന് അര്‍ഹതയുണ്ടായിരുന്നതെന്നും വാദം ഉയര്‍ന്നിരുന്നു. അടുത്തിടെ രുദ്രാണി ചതോരാജുമായി നടത്തിയ ഒരു അഭിമുഖത്തിനിടെ പുരസ്കാര നേട്ടത്തിനെതിരായ വിമര്‍ശനങ്ങളെ കുറിച്ച് നിത്യ മേനന്‍ പ്രതികരിച്ചു.
അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും എപ്പോഴും ഉണ്ടാകും നേട്ടത്തിന് അഭിനേതാക്കള്‍ അര്‍ഹരാണോ അല്ലയോ എന്ന് അവര്‍ വിലയിരുത്തുകയും ചെയ്യും. അവാര്‍ഡ് കിട്ടിയാല്‍ 'അയ്യോ എന്തിനാണ് അവാര്‍ഡ് കൊടുത്തത്' എന്ന് ചോദിക്കുന്നവരുണ്ടാകും. അല്ലെങ്കില്‍ 'ഈ സിനിമയ്ക്ക് അല്ല മറ്റൊരു സിനിമയ്ക്ക് ആയിരുന്നു കിട്ടേണ്ടത്' എന്ന് പറയുന്നവരുണ്ടാകും. ഇനി കിട്ടിയില്ലെങ്കില്‍ 'അയ്യോ എന്തുകൊണ്ട് അവള്‍ക്ക് കിട്ടിയില്ല' എന്നും പറയും. അഭിപ്രായ പ്രകടനങ്ങള്‍ അങ്ങനെ വന്നു കൊണ്ടിരിക്കുമെന്ന് നിത്യ പറഞ്ഞു.
ഓരോ സിനിമ ചെയ്യുമ്പോഴും ഒരു പുതിയ പാതയായാണ് കണക്കാക്കുന്നത്. തനിക്ക് അവാര്‍ഡ് ലഭിക്കാന്‍ പാടില്ലായിരുന്നുവെന്ന് ആര്‍ക്കും വാദിക്കാന്‍ കഴിയില്ലെന്നും നിത്യ അവകാശപ്പെട്ടു.
അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ തിരുച്ചിട്രമ്പലം പോലൊരു സിനിമയെ ദേശീയ പുരസ്കാരത്തിനായി പരിഗണിക്കുമെന്ന് തോന്നിയിരുന്നില്ലെന്ന് നിത്യ പറഞ്ഞിരുന്നു. പ്രേക്ഷകര്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ലൈറ്റ് ഹാര്‍ട്ടഡ് ഡ്രാമകള്‍ക്ക് ദേശീയതലത്തില്‍ മറ്റ് സിനിമകള്‍ക്ക് തുല്യമായ അംഗീകാരം ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും നിത്യ വ്യക്തമാക്കി. ജയം രവിക്കൊപ്പമുള്ള കാതലിക്ക നേരമില്ലൈ, ധനുഷിനൊപ്പമുള്ള ഇഡ്‌ലി കടൈ എന്നിവയുള്‍പ്പെടെ ഒരു പിടി സിനിമകള്‍ നിത്യക്കായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.