റോന്തിൻ്റെ പോസ്റ്റർ, റോഷൻ മാത്യു Source: Facebook/ Roshan Mathew
MOVIES

ദിൻനാഥിന് വേണ്ടി ഹോംവർക്ക് ചെയ്തത് യഥാർഥ പൊലീസുകാരിൽ നിന്ന്: റോഷൻ മാത്യു

തൻ്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണ് റോന്തിലേതെന്ന് റോഷൻ മാത്യു പറയുന്നു

Author : ന്യൂസ് ഡെസ്ക്

കേരളമാകെ ഒരു റോന്തിലാണ്. രണ്ടു പൊലീസുകാരുടെ ഒറ്റ രാത്രിയിലെ പട്രോളിങ്. അതിനിടെ സംഭവിക്കുന്ന കാര്യങ്ങൾ. ഒരു ഞെട്ടലോടെയാണ് പ്രേക്ഷകർ റോന്ത് എന്ന സിനിമ തിയേറ്ററിൽ നിന്നും കണ്ടിറങ്ങുന്നത്. ഷാഹി കബീർ സംവിധാനം ചെയ്ത സിനിമയ്ക്കായി, യഥാർഥ പൊലീസുകാരിൽ നിന്നാണ് ഹോം വർക്ക് ചെയ്തതെന്ന് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച റോഷൻ മാത്യു പറയുന്നു. രാവിലെ ഹലോ മലയാളത്തിലാണ് റോഷൻ മാത്യു അതിഥിയായെത്തിയത്.

പൊലീസ് ജീവിതത്തിൻ്റെ പച്ചയായ ആവിഷ്കാരങ്ങളാണ് സംവിധായകൻ ഷാഹി കബീറിൻ്റെ സിനിമകൾ. രാഷ്ട്രീയവും നീതി നിർവഹണവും എങ്ങനെ തമ്മിലിഴ ചേരുന്നുവെന്നും അതിൽ ഇരകളായി തീരുന്ന മനുഷ്യരും പൊലീസ് ജീവിതങ്ങളുമാണ് ഷാഹി സിനിമകളുടെ പ്രമേയം. നായാട്ടും ഇലവീഴാപൂഞ്ചിറയും പോലെയുള്ള ചിത്രങ്ങളിലൂടെ മലയാളിക്ക് പരിചിതനാക്കിയ ഷാഹി കബീർ, റോന്തിൽ, പൊലീസ് ജീവിതത്തിൻ്റെ മറ്റൊരു മുഖം ദൃശ്യവൽക്കരിച്ചിരിക്കുന്നു.

ദിലീഷ് പോത്തനൊപ്പമുള്ള പ്രധാന കഥാപാത്രം, തൻ്റെ സിനിമാ ജീവിതത്തിലേയും ഏറ്റവും മികച്ച വേഷമെന്ന് യുവതാരം റോഷൻ മാത്യു പറയുന്നു. കരിയറിലെ ആദ്യ പൊലീസ് വേഷം വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നും റോഷൻ പറഞ്ഞു. സംവിധായകർക്കിടയിൽ ബ്രില്യൻസ് എന്ന വാക്ക് മലയാളികൾക്ക് സമ്മാനിച്ച ദിലീഷ് പോത്തനൊപ്പം മത്സരിച്ചായിരുന്നു റോഷന്റെ അഭിനയം. ഒരു കോ ആക്ടറിനെക്കുറിച്ചും, സിനിമയെക്കുറിച്ചും, പ്രേക്ഷകരെക്കുറിച്ചുമുള്ള ദിലീഷ് പോത്തൻ്റെ വിലയിരുത്തൽ തനിക്കും സിനിമയ്ക്കും ഗുണകരമായി എന്നാണ് റോഷൻ്റെ വാക്കുകൾ.

ഇന്ന് ഭാഷകൾക്ക് അപ്പുറം മികച്ച സിനിമകളുടെ ഭാഗമാകുമ്പോൾ, തൻ്റെ അതിരുകളും സാധ്യതകളും വളരുകയാണ് എന്നാണ് റോഷന്റെ വിലയിരുത്തൽ. ബോളിവുഡിൽ വർക്ക് ചെയ്യുന്ന സമയത്ത്, മലയാള സിനിമകൾക്കുള്ള സ്വീകാര്യത എത്രത്തോളമെന്ന് കണ്ടറിഞ്ഞു എന്നും യുവതാരം പറയുന്നു. മലയാളത്തിൽ ചത്താ പച്ചയും എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. ഹിന്ദിയിൽ പുതിയ സിനിമയുടെ ജോലികൾ തുടങ്ങി. ആവർത്തന വിരസത തൻ്റെ കഥാപാത്രത്തിൽ സംഭവിക്കരുതെന്ന് നിർബന്ധമുണ്ടെന്നും റോഷൻ മാത്യു ന്യൂസ് മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

ജൂണ്‍ 13ന് തിയേറ്ററിലെത്തിയ ചിത്രത്തില്‍ റോഷന്‍ മാത്യുവും ദിലീഷ് പോത്തനുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. രണ്ട് പൊലീസുകാരോടൊപ്പം പട്രോളിംഗ് ജീപ്പില്‍ ഒരു ദിവസം പ്രേക്ഷകരെ കൊണ്ടു പോവുകയാണ് സിനിമയിലൂടെ ഷാഹി കബീര്‍. റിലീസിന് പിന്നാലെ ചിത്രം വലിയ രീതിയില്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. യോഹന്നാനും ദിന്‍നാഥനും കടന്ന് പോകുന്ന തീവ്ര വൈകാരിക നിമിഷങ്ങളിലൂടെയുള്ള 'റോന്ത്' പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

SCROLL FOR NEXT