ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോക ചാപ്റ്റര്‍ 1 : ചന്ദ്ര കല്യാണിയുടെ നീലി എന്ന കഥാപാത്രത്തിന്റെ കഥ മാത്രമല്ല പറഞ്ഞത്. ലോക യൂണിവേഴ്‌സിലെ മറ്റ് കഥാപാത്രങ്ങളിലേക്കുള്ള വഴി കൂടിയാണ് ചിത്രം തുറന്നിട്ടത്. ദുല്‍ഖര്‍ സല്‍മാന്റെ ഒടിയന്‍, ടൊവിനോയുടെ ചാത്തന്‍ എന്നീ കഥാപാത്രങ്ങള്‍ക്ക് പുറമെ ഈ സൂപ്പര്‍ഹീറോകളുടെ നേതാവായ മൂത്തോന് ശബ്ദം നല്‍കിയ മമ്മൂട്ടിയും സിനിമയില്‍ ഉണ്ടായിരുന്നു. മമ്മൂട്ടി ഇനി വരുന്ന ലോക സിനിമകളില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡൊമിനിക് അരുണ്‍ മറുപടി നല്‍കി.
കഥ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ മൂത്തോനായി മമ്മൂട്ടിയെ കാണണമെന്നത് തന്റെ ആഗ്രഹമാണെന്ന് നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാനോട് പറഞ്ഞിരുന്നുവെന്ന് ഡൊമിനിക് വെളിപ്പെടുത്തി. ദുല്‍ഖര്‍ അതിന് 'അതിനെകുറിച്ച് ചിന്തിക്കാം' എന്നായിരുന്നു ആദ്യം മറുപടി പറഞ്ഞത്. ഷൂട്ടിംഗ് പൂര്‍ത്തിയായതിന് ശേഷമാണ് മമ്മൂട്ടി ചിത്രം കണ്ട് കഥാപാത്രത്തിന് ഡബ്ബ് ചെയ്യാന്‍ സമ്മതിക്കുകയും ചെയ്തത്.
മൂത്തോന്‍ ലോകയുടെ പ്രധാന ഭാഗമാണെങ്കിലും മമ്മൂട്ടി ആ വേഷം ചെയ്യുമോ എന്നതില്‍ ഡൊമിനിക്കിന് ഉറപ്പില്ല. "ഭാവിയിലെ സിനിമകളില്‍ മൂത്തോനായി തുടരണമെങ്കില്‍ മമ്മൂട്ടി സാറിന് ഇനിയും വളരെ അധികം ബോധ്യപ്പെടലുകള്‍ ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു", ഡൊമിനിക് പറഞ്ഞു.
"അടുത്ത സിനിമയില്‍ ഉണ്ടാകില്ല. പക്ഷെ പിന്നീട് നമുക്ക് മൂത്തോനെ കാണാന്‍ കഴിയും. മൂത്തോന്‍ യൂണിവേഴ്‌സിലെ പ്രധാന കഥാപാത്രമാണ്. മറ്റെല്ലാവരെയും പോലെ അത് സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു", ഡൊമിനിക് അരുണ്‍ വ്യക്തമാക്കി.
ലോക ചാപ്റ്റര്‍ 1 : ചന്ദ്ര ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മിച്ചത്. ആഗോള തലത്തില്‍ 13 ദിവസം കൊണ്ട് ചിത്രം 200 കോടി നേടിയിരുന്നു. 200 കോടി കളക്ഷന്‍ നേടുന്ന ആദ്യ സ്ത്രീ കേന്ദ്രീകൃത മലയാള സിനിമ കൂടിയാണ് ലോക. ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും അധികം കളക്ഷന്‍ നേടിയ മലയാള ചിത്രവുമാണിത്.