MOVIES

'ഞാന്‍ വലിയ ഫാന്‍ ആണ്'; സായ് പല്ലവിയോട് മണിരത്‌നം

ശിവകാര്‍ത്തികേയനും സായ് പല്ലവിയെ കുറിച്ച് ചടങ്ങില്‍ സംസാരിച്ചു

Author : ന്യൂസ് ഡെസ്ക്


സായ് പല്ലവി, ശിവകാര്‍ത്തികേയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രമാണ് അമരന്‍. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ഓഡിയോ ലോഞ്ചില്‍ സായ് പല്ലവി, ശിവകാര്‍ത്തികേയന്‍, ജി വി പ്രകാശ്, രാജ്കുമാര്‍ പെരിയസ്വാമി എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ സംവിധായകന്‍മാരായ മണിരത്‌നവും ലോകേഷ് കനകരാജും അതിഥികളായിരുന്നു. ചടങ്ങില്‍ സംസാരിക്കവെ മണിരത്‌നം സായ് പല്ലവിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായിരിക്കുന്നത്.

'ഞാന്‍ വലിയൊരു ഫാനാണ്. ഒരു നാള്‍ നിങ്ങള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു', എന്നാണ് മണിരത്‌നം പറഞ്ഞത്. അതിന് സായ് പല്ലവി കൊടുത്ത മറുപടിയും രസകരമായിരുന്നു. 'സിനിമയില്‍ വരുന്നതിന് മുമ്പ് എനിക്ക് സംവിധായകരുടെ പേരൊന്നും അറിയില്ലായിരുന്നു. പക്ഷെ മണിരത്‌നം എന്ന പേര് എനിക്ക് എന്നും പരിചിതമായിരുന്നു. തിരക്കഥയുടെയും കഥാപാത്രങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഇത്ര ചൂസിയാകാന്‍ കാരണം അദ്ദേഹമാണ്', എന്നാണ് സായ് പല്ലവി പറഞ്ഞത്.

ശിവകാര്‍ത്തികേയനും സായ് പല്ലവിയെ കുറിച്ച് ചടങ്ങില്‍ സംസാരിച്ചു. സിനിമയിലെ ഒരു ബ്രാന്‍ഡ് നെയിമാണ് സായ് പല്ലവി എന്നാണ് ശിവകാര്‍ത്തികേയന്‍ പറഞ്ഞത്. 'സായ് പല്ലവിയെ പ്രേമത്തില്‍ കണ്ടപ്പോള്‍ എല്ലാവരെയും പോലെ ഞാനും മലര്‍ ടീച്ചറിന്റെ ആരാധകനായി', എന്നാണ് ശിവകാര്‍ത്തികേയന്‍ പറഞ്ഞത്.

ഗാര്‍ഗി എന്ന ചിത്രമാണ് അവസാനമായി റിലീസ് ചെയ്ത സായ് പല്ലവിയുടെ സിനിമ. ചിത്രത്തിലെ സായ് പല്ലവിയുടെ പ്രകടനത്തിന് മികച്ച നിരൂപക പ്രശംസ ലഭിച്ചിരുന്നു. അമരനാണ് റിലീസ് ചെയ്യാനിരിക്കുന്ന സായ് പല്ലവിയുടെ ചിത്രം. ചിത്രം ഒക്ടോബര്‍ 31ന് തിയേറ്ററിലെത്തും. രാജ് കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

SCROLL FOR NEXT