MOVIES

"സിഗരറ്റ് പുക രജനിസാറിൻ്റെ മുഖത്തേയ്ക്ക് ഊതണം എന്ന് പറഞ്ഞതോടെ മാമിന് ടെൻഷൻ ഇരട്ടിയായി": നെൽസൺ

"ഇത് ശരിയാകില്ലെന്ന് ആ സമയത്ത് ഞാന്‍ ചിന്തിച്ചു. മൂന്നാമത്തെയോ മറ്റോ ടേക്കിലാണ് അത് ഓക്കെയായത്. ഇപ്പോള്‍ നോക്കിയാലും മാമിന്റെ കണ്ണില്‍ ചെറിയ ടെന്‍ഷന്‍ കാണാന്‍ സാധിക്കും"

Author : ന്യൂസ് ഡെസ്ക്

റിലീസിന് നാല് ദിവസം ശേഷിക്കവെ സൂപ്പർസ്റ്റാർ രജനികാന്തിന്‍റെ 'ജയിലർ 2' ആഗോള ബോക്സ് ഓഫീസിൽ മുന്‍കൂര്‍ ബുക്കിംഗില്‍ തരംഗം സൃഷ്ടിക്കുകയാണ്. പാൻഇന്ത്യൻ ലെവലിൽ വൻ താരനിര ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജയിലർ2. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന തമാശകളെക്കുറിച്ച് സംവിധായകൻ നെൽസൺ പറഞ്ഞ കാര്യങ്ങളാണ് ഏറെ ചർച്ചയാരകുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന വിദ്യാബാലനുമായി ബന്ധപ്പെട്ടായിരുന്നു നെൽസൻ്റെ വെളിപ്പെടുത്തൽ.

ചിത്രത്തിൽ നെഗറ്റീവ് ടച്ചുള്ള ക്യാരക്ടറാണ് വിദ്യയുടേതെന്ന സൂചന ട്രെടിലർ തന്നിരുന്നു. ഒരു സീനിൽ സിഗരറ്റ് വലിച്ച് അതിന്റെ പുക രജിനി സാറിന്റെ മുഖത്തേക്ക് ഊതാൻ പറഞ്ഞപ്പോൾ വിദ്യാ ബാലൻ ടെൻഷനായെന്നും നെൽസൺ പറഞ്ഞു. ജയിലർ 2 പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. അത്രയും സ്‌ട്രോങ്ങായിട്ടുള്ള ക്യാരക്ടര്‍ ചെയ്യാന്‍ മാമിന് പേടിയാണെന്ന് പറഞ്ഞിരുന്നു, സീൻ കൂടി വിവരിച്ചതോടെ ടെൻഷൻ ഇരട്ടിയായെന്ന് നെൽസൺ പറഞ്ഞു.

'ടേക്ക് എടുക്കുമ്പോള്‍ ഞാന്‍ മോണിറ്ററിലേക്ക് നോക്കി. മാമാണെങ്കില്‍ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതുപോലെ സിഗരറ്റ് കൈയിലിട്ട് വിറപ്പിക്കുകയാണ്. ഇത് ശരിയാകില്ലെന്ന് ആ സമയത്ത് ഞാന്‍ ചിന്തിച്ചു. മൂന്നാമത്തെയോ മറ്റോ ടേക്കിലാണ് അത് ഓക്കെയായത്. ഇപ്പോള്‍ നോക്കിയാലും മാമിന്റെ കണ്ണില്‍ ചെറിയ ടെന്‍ഷന്‍ കാണാന്‍ സാധിക്കും', നെല്‍സണ്‍ പറഞ്ഞു.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം നെൽസൺ ദിലീപ്കുമാറാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. രമ്യ കൃഷ്ണൻ, യോഗി ബാബു, മിർണ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ മോഹന്‍ലാലും ശിവരാജ് കുമാറും ആദ്യ ഭാഗത്തിലേതുപോലെ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്. ട്രെയിലറിലെ ദൃശ്യങ്ങളെ തുടർന്ന് ബോളിവുഡ് താരം ഹൃതിക് റോഷനും ചിത്രത്തിൽ അതിഥി വേഷത്തിൽ ഉണ്ടാകുമെന്ന തരത്തിൽ ശക്തമായ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും അണിയറപ്രവർത്തകർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന 'ജയിലർ 2'വിന് യുഎ16+ സെൻസർ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂർ 45 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. വിവിധ ഭാഷാ സൂപ്പർതാരങ്ങളുടെ സാന്നിധ്യം കൂടി ചേരുന്നതോടെ ഒരു പാൻ-ഇന്ത്യൻ ബോക്സ് ഓഫീസ് തരംഗമാണ് ഒക്ടോബർ 15-ന് ആരാധകർ പ്രതീക്ഷിക്കുന്നത്.

SCROLL FOR NEXT